ലോകമെമ്പാടുമുള്ള ഭാരതീയർ ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്. ദീപാവലി എന്നത് ദീപങ്ങളുടെ ഉത്സവമാണ്, പ്രകാശത്തിന്റെ ഉത്സവമാണ്. പ്രകാശം നന്മയുടെയും ജ്ഞാനത്തിന്റെയും പ്രതീകമാണ്. ഇരുട്ടിന്റെ മേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തെ പ്രതീകപ്പെടുത്തുന്ന മഹത്തായ സന്ദേശമാണ് ഈ ദീപാവലി ആഘോഷം നമുക്ക് നൽകുന്നത്.
ഇപ്പോഴിതാ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ദേശീയ മാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. കമലാ ഹാരിസിന്റെ ഓഫീസിന്റെ ഗേറ്റിന് പുറത്തായി ദീപാലങ്കാരങ്ങളും, വർണ്ണാഭമായ രംഗോലിയും ചിത്രങ്ങളിൽ കാണാം. ‘നമ്മൾ ദീപാവലി ആഘോഷിക്കുന്നത് ലോകത്തെ ഇരുട്ട് വലയം ചെയ്യുന്ന നിരവധി സംഭവങ്ങൾ നടക്കുന്ന നേരത്താണ്. ഈ സമയത്ത് വെളിച്ചത്തിന്റെ ഉത്സവം എത്ര പ്രധാനമാണെന്ന് നമ്മൾ ഓർമ്മിക്കണം.’-എന്ന് കമല ഹാരിസ് പറഞ്ഞു.
വേൾഡ് ബാങ്ക് പ്രസിഡന്റ് അജയ് ബംഗാ, നെറ്റ്ഫ്‌ളിക്‌സ് ചീഫ് കണ്ടെന്റ് ഓഫിസർ ബേല ബജാറിയ, യുഎസ് ഹൗസ് അംഗങ്ങളായ രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ, റോ ഖന്ന, തനേദാർ, മിസ് യുഎസ്എ നീന ദവാളൂരി, എബിസി ന്യൂസ് ആങ്കർ സോഹ്റീൻ ഷാ, അമേരിക്കൻ നടിയും എഴുത്തുകാരിയുമായ ശീതൾ ശേത് തുടങ്ങി മുന്നൂറോളം അതിഥികളാണ് ആഘോഷ പരിപാടിയിൽ പങ്കെടുത്തത്.
അതേസമയം ഭാരതീയ ശൈലിയിലുള്ള വർണ്ണാഭമായ അലങ്കാരങ്ങൾ, വിഭവസമൃദ്ധമായ വിഭവങ്ങൾ, പരമ്പരാഗത സംഗീതം എന്നിവ ദീപാവലി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. മാത്രമല്ല ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചാണ് പല അതിഥികളും ആഘോഷ പരിപാടിയിലേക്ക് എത്തിയത്.















