തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ നടന്ന സംഘർഷത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയെന്ന് സൂചന. മുതിർന്ന ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഇല്ലായിരുന്ന ദിവസമാണ് കൊടി സുനിയും സംഘവും ആക്രമണം നടത്തിയത്. സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും അവധിയായിരുന്നു. കൂടാതെ സെൻട്രൽ ജയിലിലെ സൂപ്രണ്ട്, ഡിഐജി എന്നിവരും അവധിയിയായിരുന്നു.
സംഭവത്തിൽ ഗൂഢാലോചന സംബന്ധിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാതിരിക്കാൻ ജയിൽ വകുപ്പിന് കടുത്ത രാഷ്‌ട്രീയ സമ്മർദ്ദമുണ്ടെന്നാണ് വിവരം. ഡിഐജിയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടന്നിട്ടുണ്ടെന്നും ഇതുമതി എന്നതാണ് ജയിൽ വകുപ്പിന് ലഭിക്കുന്ന നിർദ്ദേശം.
വിയൂർ അതിസുരക്ഷാ ജയിലിൽ നിന്ന് തന്നെ മാറ്റണമെന്ന് കൊടി സുനി വർഷങ്ങളായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ജയിൽ അധികൃതർ അംഗീകരിച്ചിരുന്നില്ല. തുടർന്ന് ജയിൽ മാറ്റുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ തന്ത്രപരമായി ആസൂത്രണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
ഈ മാസം അഞ്ചിനാണ് വിയ്യൂർ സുരക്ഷാ ജയിലിൽ സംഘർഷമുണ്ടായത്. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയിൽ ജീവനക്കാരെ ആക്രമിച്ചത്. ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ അപ്രതീക്ഷിത ആക്രമണം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.















