ആലപ്പുഴ: വാടയ്‌ക്കൽ കടപ്പുറത്ത് എംഎൽഎ എച്ച് സലാമിനെ തടഞ്ഞ് വച്ച് ജനങ്ങൾ. ഇന്ന് മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തിലാണ് ജനങ്ങൾ പ്രതിഷേധിച്ചത്. ബൈപ്പാസിലെ വാഹനങ്ങളും മത്സ്യത്തൊഴിലാളികള്‍ തടഞ്ഞ് വച്ചിരുന്നു.
ഇന്ന് രാവിലെയാണ് പുന്നപ്ര സ്വദേശിയായ സൈറസിനെ കാണാതായത്. രാവിലെ പൊന്തുവള്ളത്തില്‍ മത്സ്യബന്ധത്തിന് പോയതായിരുന്നു സൈറസ്. ഉച്ചയോടെ മത്സ്യഗന്ധിക്ക് സമീപം പൊന്തുവള്ളം കരയ്‌ക്കടിയുകയും ചെയ്തു. സംഭവം നടന്ന ഉടൻ തന്നെ പോലീസിനെയും ഫിഷറീസ് വകുപ്പിലും വിവരം അറിയിച്ചെങ്കിലും തിരച്ചിൽ ആരംഭിക്കാൻ ഏറെ വൈകിയെന്നാണ് നാട്ടുകാരുടെ പരാതി. വൈകിട്ട് ആറരയോടെയാണ് ഫിഷറീസ് ബോട്ട് തിരച്ചിലിന് എത്തിയത്. സ്ഥലം എംഎല്‍എയായ എച്ച് സലാം ഏഴ് മണിയോട് കൂടെയാണ് സ്ഥലത്തെത്തിയത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു നാട്ടുകാർ എംഎൽഎയെ തടഞ്ഞ് വച്ചത്.















