മലയാള സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന നടനാണ് ഫഹദ് ഫാസിൽ. താരത്തിന്റെ സിനിമാ ജീവിതം എല്ലാവർക്കും സുപരിചിതമാണ്. സിനിമയുടെ തുടക്കവും പിന്നീടുള്ള ഇടവേളയും തിരിച്ചു വരവുമെല്ലാം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഡയമണ്ട് നെക്ലേസാണ് താരത്തിന്റെ തിരിച്ചുവരവ് ചിത്രമായി കാണുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് ലാൽ ജോസായിരുന്നു.
ഇപ്പോഴിതാ ഒരു ചാനൽ അഭിമുഖത്തിൽ ഡയമണ്ട് നെക്ലേസിനു മുമ്പ് മറ്റൊരു സിനിമ ഫഹദിനെ നായകനാക്കി ആലോചിച്ചിരുന്നതിനെ കുറിച്ചും അത് ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് ലാൽ ജോസ്. ഫഹദുമായി ദീര്‍ഘകാലത്തെ ഒരു സൗഹൃദമുണ്ടെന്ന് പറഞ്ഞാണ് ലാല്‍ ജോസ് പഴയ ആ സിനിമയെ കുറിച്ച് വെളിപ്പെടുത്തിയത്.
പണ്ട് അമേരിക്കയിൽ നിന്നും ഫഹദ് പഠനം കഴിഞ്ഞ് വന്നപ്പോൾ അസിസ്റ്റന്റായി തനിക്കൊപ്പം വർക്ക് ചെയ്യണം എന്ന് പറഞ്ഞിരുന്ന ഒരാളായിരുന്നു ഫഹദ് എന്നാണ് ലാൽ ജോസ് പറയുന്നത്. ചുവന്ന ആപ്പിൾ കളറുള്ള നീ വെയിലുകൊണ്ട് കറക്കണ്ട എന്നും നിന്നെ നായകനാക്കി താൻ സിനിമ ചെയ്യുമെന്നും ഫഹദിനോട് അന്ന് പറഞ്ഞിരുന്നു. എന്നാൽ പോ ചേട്ടാ കളിയാക്കാതെയെന്നാണ് ഫഹദ് പറയുമായിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ആ കാലത്ത് ഫഹദിനെ വെച്ചൊരു സിനിമ ചെയ്യാൻ പദ്ധതിയിട്ടിരുന്നു. മദര്‍ ഇന്ത്യ എന്നായിരുന്നു ആ സിനിമയുടെ പേര് നൽകിയിരുന്നത്. അതിലെ നായകനും വില്ലനും ഫഹദായിരുന്നു.
മുരളി ഗോപി പറഞ്ഞ കഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു സിനിമ. ശോഭനയും രേവതിയും ലീഡ് ചെയ്യുന്ന സിനിമയാക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ക്ലാസ്‍മേറ്റ്‍സിന് പിന്നാലെ ചെയ്യാനിരുന്ന ആ സിനിമ നടന്നില്ല. ഫഹദാണ് നായകൻ എന്നതിനാല്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ പിൻമാറുകയായിരുന്നു. കയ്യെത്തും ദൂരത്ത് എന്ന ഒരു സിനിമയില്‍ നായകനായ ഫഹദിനെ മാത്രമേ അവര്‍ക്ക് പരിചയമുണ്ടായിരുന്നുള്ളൂ. പുതിയ ഫഹദിനെ അവര്‍ക്ക് അറിയുമായിരുന്നില്ല. അങ്ങനെ നടക്കാതെ പോയ ഒരു സിനിമയാണ് അതെന്നും പിന്നീടാണ് ഡയമണ്ട് നെക്ലേസ് സംഭവിച്ചതെന്നും ലാൽ ജോസ് പറഞ്ഞു.