ലണ്ടൻ: ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറിയായി ഡേവിഡ് കാമറൂൺ. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് കാമറൂണിന്റെ തിരിച്ചുവരവ്. നിലവിലെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയെ മാറ്റിയതിന് പിന്നാലെയാണ് കാമറൂണിനെ തൽസ്ഥാനത്ത് എത്തിക്കുന്നത്. വരുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പുനസംഘടനയിലാണ് കാമറൂണിന്റെ പുതിയ നിയോഗം. മുൻ പ്രസിഡന്റായിരുന്ന കാമറൂൺ കുറച്ചു കാലമായി ചുമതലകളിൽ നിന്നും മാറി നൽക്കുകയായിരുന്നു.
പുതിയ ഉത്തരവാദിത്വത്തെ താൻ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് കാമറൂൺ പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി താൻ മുന്നണി രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നിലവിൽ ബ്രിട്ടൻ അഭിമുഖീകരിക്കുന്ന വെല്ലുവിളിളെ നേരിടാൻ പ്രധാനമന്ത്രിയെ തന്റെ അനുഭവം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2016-ൽ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു ഡേവിഡ് കാമറൂൺ. ഇതോടൊപ്പം അദ്ദേഹം എംപി സ്ഥാനവും ഒഴിഞ്ഞിരുന്നു. ഹിതപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു രാജി. കാമറൂണിന്റെ അപ്രതീക്ഷിത തിരിച്ചുവരവ് ബ്രിട്ടീഷ് രാഷ്‌ട്രീയത്തിൽ പുതിയ നീക്കങ്ങൾക്ക് വഴിതുറക്കുന്നതാണ്. ഇതോടെ സർക്കാരിന്റെ വിദേശകാര്യ നയങ്ങളിൽ മാറ്റമുണ്ടാകുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.















