ഇന്ത്യയിൽ സ്വകാര്യ വാഹനങ്ങൾക്കൊപ്പം തന്നെ പൊതുഗതാഗത മേഖലയിലും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിച്ച് വരികയാണ്. സിറ്റി സർവീസുകൾക്കായി നിലവിൽ രാജ്യത്തെ പല നഗരങ്ങളിലും ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുന്നുണ്ട്. ഇലക്ട്രിക് ബസുകളുടെ നിർമ്മാണം ത്വരിതപ്പെടുത്തുന്നതിനായി ഇന്ത്യയിലെ വാണിജ്യ വാഹന കമ്പനിയായ ലെയ്‌ലാൻഡ് ഒരുങ്ങുകയാണ്.
സ്വിച്ച് മൊബിലിറ്റിയിൽ 1200 കോടിയുടെ നിക്ഷേപമാണ് കമ്പനി നടത്താൻ ഒരുങ്ങുന്നത്. കമ്പനി ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതിന് അനുമതി നൽകി. അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിട് വാഹന നിർമ്മാണ മാതൃകമ്പനിയാണ് സ്വിച്ച് മൊബിലിറ്റി. ഇന്ത്യയിലെയും യുകെയിലെയും വാഹന നിർമ്മാണം, റിസർച്ച് പ്രവർത്തനങ്ങൾ എന്നിവക്ക് വേണ്ടിയാണ് കമ്പനി ഇത്രയും ഉയർന്ന തുക നിക്ഷേപിക്കുന്നത്. 2024-ൽ സ്വിച്ച് ഇ1 എന്ന 12 മീറ്റർ ബസ് പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 65 സീറ്റുകളുള്ള ബസിന് ഒരു തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ യാത്ര ചെയാം.
ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് ഡബിൾഡക്കർ ബസ് ഇ.ഐ.വി.22 എന്ന പേരിൽ പുറത്തിറക്കിയത് സ്വിച്ച് മൊബിലിറ്റിയാണ്. കൂടാതെ സിംഗിൾ ഡക്കർ ബസും ഇവർ തന്നെയാണ് അവതരിപ്പിച്ചത്. രണ്ട് ബസുകൾക്കും ഒരേ പ്ലാറ്റ് ഫോം തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. ഇ1 എന്ന 12 മീറ്റർ ബസിൽ 231 kwh കപ്പാസിറ്റിയുള്ള ടൂ സ്ട്രിങ്ങ് ലിക്വിഡ് കൂൾഡ് ഹയർ ഡെൻസിറ്റി എൻ.എം.സി. ബാറ്ററി പാക്കും ഡ്യുവൽ ഗൺ ചാർജിങ്ങ് സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 650 വി ആർക്കിടെക്ചറിലാണ് ഡബ്ബിൾ ഡക്കർ ബസിന്റെ നിർമ്മാണം.















