ലണ്ടൻ: ബ്രിട്ടന്റെ പുതിയ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഡേവിഡ് കാമറൂണിന്റെ ഓഫീസിൽ എത്തിയാണ് ജയങ്കർ അദ്ദേഹവുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. സന്ദർശനത്തെ പറ്റി മന്ത്രി തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിരിന്നു. ആഗോളതലത്തിലെ വിഷയങ്ങൾ ചർച്ച ചെയ്തതായും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണിനെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എസ് ജയശങ്കർ പോസ്റ്റിൽ പറഞ്ഞു. വിദേശകാര്യ സെക്രട്ടറിയായി നിയോഗിച്ചതിൽ അദ്ദേഹത്തെ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ സാധ്യതകളെ കുറിച്ച് ചർച്ച നടത്തി. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ, യുക്രെയ്ൻ സംഘർഷം എന്നിവയിലുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചു. കാമറൂണുമായി അടുത്ത് പ്രവർത്തിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറിയായി ഡേവിഡ് കാമറൂൺ എത്തിയത്. നിലവിലെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയെ മാറ്റിയതിന് പിന്നാലെയാണ് കാമറൂണിനെ തൽസ്ഥാനത്ത് എത്തിക്കുന്നത്. മുൻ ബ്രിട്ടൻ പ്രധാനമന്ത്രിയായിരുന്ന കാമറൂൺ കുറച്ചു കാലമായി ചുമതലകളിൽ നിന്നും മാറി നൽക്കുകയായിരുന്നു.















