ചെറി വസന്തം കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഏതൊരു സഞ്ചാരിയും ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാൽ ഇത് കാണാൻ ജപ്പാനിലെത്തേണ്ടേ എന്ന ധാരണയിലാണ് മിക്ക വിനോദ സഞ്ചാരികളും. എന്നാൽ ഇനി മറ്റൊരു രാജ്യത്തേക്ക് ഇതിന് വേണ്ടി പറക്കണ്ട. ഇന്ത്യയിലും ഈ വസന്തമുണ്ട്. ചെറി പൂവുകൾ പൂത്ത് നിൽക്കുന്ന മനോഹരമായ കാഴച നമ്മുടെ ഭാരതത്തിലും ഇനി കാണാം. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ചെറി ബ്ലോസം ഫെസ്റ്റിവൽ നടക്കുന്നത് മേഘാലയിലെ ഷില്ലോംഗിലാണ്.
അമേരിക്കയിലും ജപ്പാനിലുമെല്ലാം ഏപ്രിൽ മുതലാണ് ചെറി പൂക്കൾ പൂക്കുന്നത്. എന്നാൽ ഷില്ലോംഗിൽ ചെറി വസന്തമെത്തുന്നത് നവംബറിലാണ്. ഈ സമയം സ്വദേശികളും വിദേശികളുമായ നിരവധി ആളുകളാണ് കാഴ്ച ആസ്വദിക്കുന്നതിനായി എത്തുന്നത്. സഞ്ചാരികൾക്ക് വേണ്ടിയാണ് യഥാർത്ഥത്തിൽ ചെറി ബ്ലോസം ഫെസ്റ്റിവൽ നടക്കുന്നത്.
മേഘാലയിലെ തന്നെ ഏറ്റവും വലിയ ഫെസ്റ്റിവലിൽ ഒന്നാണ് ബ്ലോസം ഫെസ്റ്റിവൽ. ചെറി വസന്തത്തിന്റെ മനോഹരമായ കാഴ്ചകൾക്കൊപ്പം തന്നെ മേഘാലയിലെ സാംസ്‌കാരിക വൈവിധ്യങ്ങൾ ആസ്വദിക്കുന്നതിന് വേണ്ടിയുള്ള അവസരം കൂടിയാണ് ഫെസ്റ്റിവൽ. ഇവിടുത്തെ മികച്ച കാലാവസ്ഥയും മനോഹരമായ കാഴ്ചകളും സഞ്ചാരികളെ വളരെയധികം കർഷിക്കുന്നു.
നവംബർ 17 മുതൽ 19 വരെയാണ് ഈ വർഷത്തെ ചെറി ബ്ലോസം ഫെസ്റ്റിവൽ നടക്കുന്നത്. ഷില്ലോംഗിലെ മാവ്‌ലസ്‌നെയിലുള്ള ആർബിഡിഎസ് കോംപ്ലക്‌സിലാണ് ഇത്തവണത്തെ ഫെസ്റ്റിവൽ അരങ്ങേറുന്നത്. 1200 രൂപ മുതലുള്ള ടിക്കറ്റുകൾ ലഭ്യമാണ്. ഒരു ദിവസത്തേക്ക് മാത്രമായും മൂന്ന് ദിവസത്തേക്കുള്ള പാക്കേജായും ടിക്കറ്റുകൾ ഓൺലൈൻ മുഖേന ബുക്ക് ചെയ്യാവുന്നതാണ്.















