സാങ്കേതിക വിദ്യയുടെ വളർച്ചയ്‌ക്കൊപ്പം തന്നെ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചു വരികയാണ്. ഇതിനാൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമായി കഴിഞ്ഞു. വാട്ട്‌സ്ആപ്പിലോ എസ്എംഎസിലോ എത്തുന്ന സന്ദേശങ്ങളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് അടുത്തിടെ മുന്നറിയിപ്പുണ്ടായിരുന്നു. സമ്മാനം, ജോലി, വാഗ്ദാനം എന്നിങ്ങനെ വിവിധ പേരുകളിൽ എത്തുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ആറ് സന്ദേശങ്ങൾ ഏതെല്ലാമെന്ന് നോക്കാം…
സമ്മാനം ലഭിച്ചതായുള്ള സന്ദേശം
സമ്മാനം ലഭിച്ചതായി എത്തുന്ന സന്ദേശങ്ങളിൽ 99 ശതമാനവും തട്ടിപ്പ് ആകാനുള്ള സാധ്യതകളേറെയാണ്. പണവും സ്വകാര്യ വിവരങ്ങളും തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും ഇത്തരത്തിലുള്ള സന്ദേശങ്ങളെത്തുന്നത്.
വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ
വാട്ട്‌സ്ആപ്പിലൂടെയും എസ്എംഎസിലൂടെയും ലഭിക്കുന്ന ജോലി ഓഫറുകൾ തട്ടിപ്പുകൾ ആകാനുള്ള സാധ്യതയേറെയാണ്. പ്രൊഫഷണൽ കമ്പനികളിൽ നിന്നും ഇത്തരത്തിൽ സന്ദേശം എത്താറില്ല. ഇതിനാൽ ജോലി ഓഫറുകളെന്ന വ്യാജേന എത്തുന്ന സന്ദേശങ്ങളിൽ ജാഗ്രത പുലർത്തണം.
ബാങ്ക് അലർട്ട് മെസേജ്
ലിങ്ക് മുഖേന കെവൈസി വിവരങ്ങൾ നൽകുന്നതിന് ബാങ്കിന്റെ പേരിൽ എത്തുന്ന സന്ദേശങ്ങൾ തട്ടിപ്പാണ്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം.
പർച്ചെഴ്‌സുമായി ബന്ധപ്പെട്ട സന്ദേശം
ഇതുവരെ നടത്താത്ത പർച്ചേഴ്‌സുമായി ബന്ധപ്പെട്ട് എത്തുന്ന സന്ദേശങ്ങളും തട്ടിപ്പിന്റെ ഭാഗമാണ്. ഇതിൽ ക്ലിക്ക് ചെയ്താൽ ഫോൺ ഹാക്ക് ചെയ്യപ്പെടാനുള്ള സാദ്ധ്യത വരെയുണ്ട്.
ഒടിടി സബ്‌സ്‌ക്രിപ്ഷൻ അപ്‌ഡേറ്റുകൾ
ഒടിടി സംബന്ധമായി എത്തുന്ന സന്ദേശങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സൗജന്യ ഓഫറുകൾ എന്ന തരത്തിലെത്തുന്ന സന്ദേശങ്ങൾക്ക് പിന്നാലെ പോയാൽ പണം നഷ്ടപ്പെടാൻ സാധ്യതയേറെയാണ്.
ഡെലിവറി സന്ദേശങ്ങൾ
പാഴ്‌സൽ ഡെലിവറിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. പാഴ്‌സൽ ഡെലിവറി ചെയ്യാൻ ഓൺലൈൻ കമ്പനികളുടെ നമ്പർ തിരയുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ തട്ടിപ്പ് സംഘത്തിൽ എത്തും. പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ എന്ന വ്യാജേനയാകും ഇവർ നിങ്ങളെ സമീപിക്കുക.















