പാലക്കാട്: ചരിത്ര പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിലെ രഥപ്രയാണത്തിന് ഇന്ന് തുടക്കമാകും. കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവൻ തേര്, ഗണപതി തേര്, സുബ്രമണ്യ സ്വാമി എന്നീ തേരുകൾ പ്രദിക്ഷണം തുടങ്ങുന്നതോടെ കൽപ്പാത്തിയിൽ രഥ പ്രയാണം ആരംഭിക്കും. 16-നാണ് ദേവരഥ സംഗമം നടക്കുന്നത്.
തമിഴ്നാട്ടിൽ നിന്നുള്ള തച്ചുശാസ്ത്ര വിദഗ്ധരാണ് കൽപ്പാത്തി ഉൾപ്പെടെയുള്ള അഗ്രഹാരങ്ങളിൽ തേരൊരുക്കിയിട്ടുള്ളത്. പുതിയ തേരൊരുക്കുന്നതിനും തമിഴ്നാട്ടിൽ നിന്നുള്ളവരാണ് എത്തിയത്. തേരിന് അലങ്കാരം കൂടാതെ 15 അടി വരെ ഉയരം വേണം എന്നതാണ് രീതി. തേരിൽ ദേവനെ ഇരുത്തുന്ന സിംഹാസനം നിർമിച്ചിരിക്കുന്നതും തേക്ക് തടിയിലാണ്. ക്ഷേത്ര കമ്മിറ്റി നിർദേശിക്കുന്ന ഡിസൈനുകൾ തേർ ചക്രത്തിൽ ഉൾപ്പെടുത്തും. ഈ വർഷം താമര ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പെയിന്റിംഗാണ്.
പാലക്കാട് ജില്ലയിലെ കൽപ്പാത്തി ഗ്രാമത്തിലെ ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തുന്ന ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് (മലയാള മാസം തുലാം 28,29,30) നടക്കുക. വേദ പാരായണവും കലാ സാംസ്‌കാരിക പരിപാടികളും രഥോത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു.അവസാനത്തെ മൂന്നുദിവസം അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.