സിനിമകൾ മോശമാണെന്ന് പറഞ്ഞ് റിവ്യൂകൾ വരുന്നത് തന്റെ കാലം മുതൽ ഉള്ളതാണെന്ന് നടൻ ജഗദീഷ്. നൂറ് ദിവസം ഓടിയ തന്റെ സിനിമയെ കുറിച്ച് കാക്ക കുളിച്ചാൽ കൊക്കാകുമോ എന്നായിരുന്നു ഒരാൾ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ വിമർശനത്തിലേക്ക് കടക്കാതെ കലാരൂപത്തെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഒരു വിമർശകനുമുണ്ടെന്നും അതൊരിക്കലും സിനിമാ വ്യവസായത്തെ ബാധിക്കരുതെന്നും ജഗദീഷ് അഭിപ്രായപ്പെട്ടു. ഒരു അഭിമുഖത്തിനിടയിലായിരുന്നു നടൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
‘സിനിമകൾ മോശമാണെന്ന് പറഞ്ഞ് ഇന്നാണ് റിവ്യൂകൾ വരുന്നതെന്ന് പലരും പറയുന്നുണ്ട്. പണ്ട്, ഇതിന്റെ തിക്താനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒരു വാരികയിൽ എന്റെ ‘വെൽകം ടു കൊടൈക്കനാൽ’ എന്ന സൂപ്പർ ഹിറ്റ് മൂവിയെക്കുറിച്ച് റിവ്യൂ എഴുതിയിരുന്നു. ലേഖനത്തിന്റെ തലക്കെട്ടായി വെൽകം ടു കൊടൈക്കനാൽ എന്ന് എഴുതിയതിന് ശേഷം താഴെ കാക്ക കുളിച്ചാൽ കൊക്കാകുമോ?… എന്നായിരുന്നു എഴുതിയിരുന്നത്.
അതായത്, മോഹൻലാലിനെ പോലുള്ള ഒരു നായകൻ ചെയ്യേണ്ട വേഷം ജഗദീഷ് ചെയ്തത് എന്ത് അടിസ്ഥാനത്തിലായിരുന്നു എന്നാണ് അതിന്റെ റിവ്യൂ. ഞാൻ അതിൽ തളർന്നില്ല. ആ മാസികയിൽ റിവ്യൂ എഴുതിയ ആൾക്ക് എന്നോട് ഒരു വിരോധവുമില്ല.
സാകേതം എന്ന നാടകത്തിൽ ജി. ശങ്കരൻ സാറിന്റെ സംവിധാനത്തിൽ ഞാൻ അഭിനയിക്കുമ്പോൾ, നന്നായി അഭിനയിക്കുന്നുണ്ടെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. അതിൽ ലക്ഷ്മണനായിട്ടാണ് അഭിനയിച്ചത്. അന്നും, ഇതേ മാസികയിൽ എഴുതിയത് ‘ജേഷ്ഠനെ കാട്ടിലേക്ക് അയച്ചതിൽ കുപിതനായി വരുന്ന ജഗദീഷ് കുമാറിന്റെ ലക്ഷ്മണൻ മടലും ഊരി വരുന്ന തമിഴ് നായകനെ അനുസ്മരിപ്പിച്ചു…’ അതിലും ഞാൻ തളർന്നില്ല. ജി. ശങ്കരപിള്ള സാർ എനിക്ക് തന്ന ഉപദേശം റിവ്യൂവും സംഗതികളുമൊക്കെ വരും, ജഗദീഷിന്റെ അഭിനയം എല്ലാവർക്കും ഒക്കെ അല്ലെന്ന് മനസ്സിലായില്ലേ… അപ്പോൾ ജഗദീഷ് ഇംപ്രൂവ് ആകാൻ ശ്രമിക്കണം എന്നായിരുന്നു. അത്, ഞാൻ ഉൾക്കൊണ്ടു.
റിവ്യൂ വരുമ്പോൾ നമ്മൾ അതിൽ തളരാൻ പാടില്ല. ഒരാൾ എക്സലന്റ് ആക്ടിംഗ് എന്നും മറ്റെയാൾ പരമ ബോറെന്നുമായിരിക്കും പറയുന്നത്, നമ്മൾ രണ്ടും സ്വീകരിക്കണം. എന്റെയൊക്കെ കാലഘട്ടത്തിൽ സാഹിത്യകാരന്മാർ ചെറുകഥ എഴുതുന്നവരെയൊക്കെ വിമർശിച്ചിട്ടുണ്ട്. അതുകൊണ്ട്, ക്രിട്ടിസിസം എന്നുപറയുന്നത് എല്ലാ കാലഘട്ടത്തിലുമുണ്ട്. അതിൽ അസഹിഷ്ണുത പാടില്ല. വ്യക്തിപരമായ വിമർശനത്തിലേക്ക് കടക്കാതെ കലാരൂപത്തെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഒരു വിമർശകനുണ്ട്. പിന്നെ, സിനിമ എന്ന വ്യവസായത്തെ നശിപ്പിക്കാതെ നോക്കേണ്ട ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ട്. അത്, ഈ റിവ്യൂ പറയുന്നവർക്കും ബാധകമാണ്’.- ജഗദീഷ് പറഞ്ഞു.















