മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്റെയും പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൊരു പേര്…! ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ രചിന്‍ രവീന്ദ്ര.. താരത്തിന്റെ പേരില്‍ പിന്നില്‍ ഇങ്ങനൊരു കഥ സോഷ്യല്‍ മീഡിയയിലടക്കം പാറി നടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ അധികമൊന്നുമായില്ല.. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രചിന്റെ പിതാവും ബെംഗളൂരു സ്വദേശിയുമായ രവി കൃഷ്ണമൂര്‍ത്തി. രചിന്‍ രവീന്ദ്ര ന്യൂസിലന്‍ഡിലെ വെല്ലിങ്ടണിലാണ് ജനിച്ചതും വളര്‍ന്നതും.
പിതാവിന് ഇന്ത്യന്‍ ഇതിഹാസങ്ങളായ രാഹുല്‍ ദ്രാവിഡിനോടും സച്ചിന്‍ ടെന്‍ഡുക്കറോടുമുള്ള ഇഷ്ടത്തിലാണ് രാഹുല്‍ ദ്രാവിഡിലെ ‘ര’യും സച്ചിനിനെ ‘ചിന്‍’ ഉം ചേര്‍ത്ത് മാതാപിതാക്കള്‍ മകന് രചിന്‍ രവീന്ദ്രയെന്ന പേരിട്ടത് എന്നതായിരുന്നു വൈറലായ കഥ.എന്നാല്‍ ആ പേരില്‍ ഇതിഹാസങ്ങള്‍ ഒരു പങ്കുമില്ലെന്നാണ് രവിയുടെ തുറന്നു പറച്ചില്‍.
രചിന്‍ ജനിച്ചപ്പോള്‍ ഭാര്യ ദീപയാണ് അധികമൊന്നും ആലോചിക്കാതെ രചിന്‍ രവീന്ദ്രയെന്ന പേര് നിര്‍ദേശിച്ചത്. കേട്ടപ്പോള്‍ നല്ല പേരാണെന്ന് തോന്നി. വിളിക്കാനും എളുപ്പമാണ്. ഏറെക്കാലത്തിന് ശേഷമാണ് രാഹുല്‍ ദ്രാവിഡിന്റേയും സച്ചിന്റെയും പേര് രചിന്റെ പേരിലും ഉണ്ടല്ലോ എന്ന് തിരിച്ചറിയുന്നത്.
മകനെ ക്രിക്കറ്റ് താരമാക്കണമെന്ന് കരുതി അങ്ങനെ ഒരു പേരിട്ടതല്ലെന്നും രവി കൃഷ്ണമൂര്‍ത്തി ദ് പ്രിന്റിനോട് പറഞ്ഞു.കര്‍ണാടകയില്‍ ക്ലബ് തലത്തില്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ള താരം കൂടിയാണ് സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്ടായ രവി കൃഷ്ണമൂര്‍ത്തി. 1997-ലാണ് ഇരുവരും ന്യൂസിലന്‍ഡില്‍ സ്ഥിരതാമസമാക്കുന്നത്.നിലവില്‍ ലോകകപ്പ് റണ്‍വേട്ടയില്‍ 565 റണ്‍സുമായി മൂന്നാം സ്ഥാനത്താണ് രചിന്‍.