എറണാകുളം: അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ വലിച്ചെറിഞ്ഞ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച കോടതി ഉത്തരവിൽ മധുരം വിതരണം ചെയ്ത് ആലുവയിലെ ചുമട്ടുത്തൊഴിലാളികൾ. പ്രതിയെ കണ്ടെത്താൻ പോലീസിന് നിർണായക തെളിവ് നൽകിയ ദൃക്‌സാക്ഷി താജുദ്ദീൻ മൊയ്തീന്റെ നേതൃത്വത്തിലായിരുന്നു ലഡു വിതരണം നടത്തിയത്.
” ഇനി ഇത്തരം ക്രൂരതകൾ ആരും ചെയ്യരുത്. ഇന്ന് ഈ വിധിയിൽ ആ പിഞ്ചുകുഞ്ഞിന്റെ ആത്മാവ് വളരെ അധികം സന്തോഷിക്കുന്നുണ്ടാവും. കോടതിയോടും പബ്ലിക് പ്രൊസിക്യൂട്ടറോടും നന്ദി പറയുന്നു. ആ സംഭവത്തിന് ശേഷം ഇവിടെ ആര് വന്നാലും ശ്രദ്ധിക്കാറുണ്ട്”- താജുദ്ദീൻ പറഞ്ഞു.
എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്ന് 110-ാം നാളിലാണ് ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു വയസുകാരിയുടെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതി ഒരു ദയവും അർഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസിൽ അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. 16 കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ കോടതിയിൽ തെളിഞ്ഞത്. രാവിലെ 11 മണിയോടെയായിരുന്നു എറണാകുളം പോക്‌സോ കോടതിയുടെ നിർണായക വിധി.















