ലക്നൗ: വീരമൃത്യു വരിച്ച ധീരജവാൻമാരുടെ സ്മരണയ്‌ക്ക് മുൻപിൽ ദീപാഞ്ജലി അർപ്പിച്ച് ഗോരഖ്നാഥ് ക്ഷേത്രം. ദീപാവലിയുടെ അടുത്ത ദിവസമായ നവംബർ 13 നാണ് ധീരഹൃദയരുടെ സ്മരണയ്‌ക്കായി 11,000 മൺ ചിരാതുകൾ പ്രകാശിപ്പിച്ചത്.
ക്ഷേത്രത്തിലെ ഭീം സരോവറിലെ ആദ്യ ദീപത്തിന് മുഖ്യമന്ത്രിയും ഗോരഖ്‌നാഥ് ക്ഷേത്ര മഹന്തുമായ യോഗി ആദിത്യനാഥ് തിരികൊളുത്തി. പിന്നീട് മുക്തകാശി വേദിയിൽ എത്തിയ അദ്ദേഹം വീരമൃത്യു വരിച്ച സൈനികരുടെ ചിത്രങ്ങളിൽ പുഷ്പാർച്ചനയും നടത്തി ആദരാഞ്ജലി അർപ്പിച്ചു.
ഭോജ്പുരി അസോസിയേഷൻ ഓഫ് ഇന്ത്യ (BHAI) ആണ് ‘ഏക് ദിയ ഷഹീദോൻ കേ നാം’ പരിപാടി സംഘടിപ്പിച്ചത്. ക്ഷേത്രസമുച്ചയത്തിനുള്ളിലെ മുക്തകാശി വേദിയിൽ ദേശഭക്തിഗാനങ്ങളും നൃത്തനൃത്യങ്ങളും ഉൾപ്പടെയുള്ള സാംസ്കാരിക പരിപാടിയും നടന്നു.
ദേശീയത അടിസ്ഥാനമാക്കിയുള്ള കലാവിരുന്ന് മുഖ്യമന്ത്രി അടക്കമുള്ള സദസ്സിനെ ആവേശത്തിലാഴ്‌ത്തി.
പരിപാടിയുടെ കോ-ഓർഡിനേറ്ററും ഭോജ്പുരി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ നാടോടി ഗായകൻ രാകേഷ് ശ്രീവാസ്തവ, ഡോ.രൂപ് കുമാർ ബാനർജി എന്നിവർ മുഖ്യമന്ത്രിക്ക് ടെറാക്കോട്ടയിൽ നിർമിച്ച ശിൽപം സമ്മാനിച്ചു.
ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ യോഗി കമൽനാഥ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ധർമേന്ദ്ര സിംഗ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.