കൊച്ചി: ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ള ബിടെക് കോഴുകൾ ഇതുവരെ ആരംഭിക്കാതെ കേരളം. ഈ വർഷമാണ് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) ജോലിചെയ്യുന്നവർക്ക് വേണ്ടി ബിടെക് കോഴ്‌സുകൾ അനുവദിച്ചത്. എന്നാൽ കേരള സാങ്കേതിക സർവകലാശാല(കെ.ടി.യു) ഇതുവരെയും ഇതിന് അനുമതി നൽകിയിട്ടില്ല. അതോടെ നിരവധി പേരാണ് കോഴ്‌സ് ചെയ്യാൻ സാധിക്കാതെ നിൽക്കുന്നത്.
ഇന്ത്യയിലെ 137 കോളേജുകളിൽ ഒക്ടോബർ 30-ഓടെ പ്രവേശനം പൂർത്തിയാക്കാനായിരുന്നു എ.ഐ.സി.ടി.ഇയുടെ നിർദ്ദേശം. എന്നാൽ എല്ലാ സംസ്ഥാനത്തും പ്രവേശന നടപടികൾ പൂർത്തിയാവുകയും ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. കേരളത്തിൽ മാത്രം ഇതുവരെ കോഴ്‌സ് ആരംഭിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. കെ.ടി.യുവിന്റെ ഉത്തരവ് ഇറങ്ങിയാൽ മാത്രമെ കേരളത്തിൽ ബിടെക് കോഴ്‌സുകൾ ആരംഭിക്കാനാവൂ.
‘ഏഴു കോളേജുകൾക്ക് അംഗീകാരം നൽകിയുള്ള എ.ഐ.സി.ടി.ഇയുടെ ഉത്തരവ് വന്നത് ഒക്ടോബർ 25-നാണ്. ജോലിചെയ്യുകയും റെഗുലറായി പഠിക്കുകയും ചെയ്യുക എന്നരീതിയിലാണ് പുതിയ കോഴ്‌സ്. അതിനാൽ നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും മാറ്റേണ്ടതുണ്ട്. വിഷയം സിൻഡിക്കേറ്റിന്റെ പരിഗണനയിലാണ്. ഒരാഴ്ചയ്‌ക്കകം തീരുമാനമുണ്ടാവും’- കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ, ഡോ. സജി ഗോപിനാഥ് അറിയിച്ചു.
ജോലിചെയ്യുകയും റെഗുലറായി പഠിക്കുകയും ചെയ്യുക എന്ന രീതിയിലാണ് പുതിയ കോഴ്‌സ്. അതുകൊണ്ട് തന്നെ മൂന്ന് വർഷമാണ് കോഴ്‌സിന്റെ കാലാവധി. ലാറ്ററൽ എൻട്രി വഴി ബിടെക് വഴി പ്രവേശനം നേടുന്നവർക്കുള്ള സിലബസ് തന്നെയാണ് ഈ കോഴ്‌സുകൾക്കുമുള്ളത്. അവധി ദിവസങ്ങളിലോ ഓൺലൈനിലോ സായാഹ്നങ്ങളിലോ ആയി ക്ലാസുകൾ എടുക്കാനാണ് നിർദ്ദേശം. നിരവധി വിദ്യാർത്ഥികളാണ് ഈ കോഴ്സുകൾക്ക് വേണ്ടി അപേക്ഷയും നൽകി കാത്തിരിക്കുന്നത്. എന്നാൽ ക്ലാസ് വൈകുന്നതിനെ സംബന്ധിച്ച് ഇവർക്ക് ആശങ്കയും ഉണ്ട്.















