ലക്‌നൗ: ഉത്തര്‍പ്രദേശിലെ മദ്രസയില്‍ നരകയാദന അനുഭവിച്ച പത്തുവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. രണ്ടു ദിവസം ദാഹ ജലം പോലും നല്‍കാതെ ചങ്ങലക്കിട്ട് മര്‍ദ്ദിച്ച കുട്ടി കഴിഞ്ഞ ദിവസമാണ് രക്ഷപ്പെട്ടത്. സഹരന്‍പൂര്‍ ജില്ലയിലായിരുന്നു നടുക്കുന്ന ക്രൂരത. പത്തുവയസുകാരന്റെ ശരീരമാസകലം പരിക്കുണ്ട്. ഗുര്‍ജര്‍ ഗ്രാമത്തിലെ രാം കുമാറിന്റെ വീട്ടിലാണ് പ്രാണഭയത്താല്‍ കുട്ടി ഓടിക്കയറിയത്.
മദ്രസയില്‍ ഏല്‍ക്കേണ്ടി വന്ന ക്രൂര പീഡനത്തെക്കുറിച്ചുള്ള കുട്ടിയുടെ വെളിപ്പെടുത്തല്‍ കേട്ട് നാട്ടുകാര്‍ ഞെട്ടി. ബല്ലു ഗ്രാമത്തിലെ താമസക്കാരനാണ് പത്തുവയസുകാരന്‍. പിന്നീട് കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ച്, വിളിച്ചുവരുത്തിയ ശേഷം അവര്‍ക്കൊപ്പം വിടുകയായിരുന്നു.
അവര്‍ കുഞ്ഞിനൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ജുവൈനല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 അടക്കം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അമ്മയുടെ പിതാവിനെയും മദ്രസയെയും പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ബീഹാറില്‍ ബോട്ടുകളിലെ ജീവനക്കാരനാണ് കുഞ്ഞിന്റെ പിതാവ്. മദ്രസയില്‍ മാതാവ് മകന് കഴിക്കാന്‍ ആഹാരം കൊടുത്തുവിടുമായിരുന്നെങ്കിലും ഇത് കുട്ടിക്ക് നല്‍കിയിരുന്നില്ല. ഇസ്ലാം മുല്യങ്ങള്‍ പഠിപ്പിക്കാനും സുഹൃത്ത് ബന്ധം അവസാനിപ്പിക്കാനും വേണ്ടിയായിരുന്നു ക്രൂര പീഡനം. ഇതുസംബന്ധിച്ച് കുടുംബത്തെ അറിയിച്ചിരുന്നില്ല. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.















