ഭോപ്പാൽ : രാജ്യത്തെ ഓരോ ഹൈന്ദവ വിശ്വാസിയും കാത്തിരിക്കുന്ന ദിനമാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനം . 2024 ജനുവരി 22 നാണ് അയോദ്ധ്യയിൽ നിർമ്മിക്കുന്ന മഹാക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രതിഷ്ഠാ ദിനം . എന്നാൽ ഇപ്പോൾ അയോദ്ധ്യയുടെ മാതൃകയിൽ മദ്ധ്യപ്രദേശിലും മിനി അയോദ്ധ്യ നിർമ്മിക്കുന്നതാണ് ശ്രദ്ധേയമാകുന്നത്. അയോദ്ധ്യയിൽ രാംലല്ലയെ പ്രതിഷ്‌ഠിക്കുന്ന അതേ ദിവസം, സീതയ്‌ക്കും ലക്ഷ്മണനുമൊപ്പം ഭഗവാൻ ശ്രീരാമൻ മദ്ധ്യപ്രദേശിലെ ഈ ക്ഷേത്രത്തിലും ഉപവിഷ്ടനാകും.
മദ്ധ്യപ്രദേശിലെ മഹേശ്വര് ജലവൈദ്യുത പദ്ധതിയിൽ മുങ്ങിയ നർമ്മദയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ലേപ ഗ്രാമത്തിലാണ് അയോദ്ധ്യ ധാം ബൈരാഗർ എന്ന പേരിൽ ഈ ക്ഷേത്രം നിർമ്മിക്കുന്നത്. അയോദ്ധ്യാ രാമക്ഷേത്രത്തെ എന്നും കാണണമെന്ന ആഗ്രഹത്താൽ ഗ്രാമത്തിലെ 250 കുടുംബങ്ങളും മറ്റ് ഭക്തരും ക്ഷേത്രം നിർമ്മിക്കാൻ മുന്നോട്ട് വരികയായിരുന്നു .
അയോദ്ധ്യയിൽ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയ അതേ ദിവസം തന്നെ ഇവിടെയും ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അന്നേ ദിവസം ഇവിടെയും ഭൂമിപൂജ നടത്തി. ജയ്പൂരിലാണ് വിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
അയോദ്ധ്യയിലെ ക്ഷേത്രം പോലെ ഡിജിറ്റൽ മാപ്പ് ഉണ്ടാക്കി അതിനനുസരിച്ചാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 5500 ചതുരശ്ര അടിയിൽ 28 ഏക്കറിലാണ് രണ്ട് കോടിയോളം രൂപ ചെലവിൽ അയോദ്ധ്യാധാം നിർമിക്കുന്നത് . 1 ഏക്കറിൽ പൂന്തോട്ടവും 20 ഏക്കറിൽ നഴ്സറിയും 4 ഏക്കറിൽ കുടിവെള്ളത്തിനായി കുളവും നിർമിച്ചിട്ടുണ്ട്. ഇതുകൂടാതെ അതിഥി മുറി, കളിസ്ഥലം, മീറ്റിംഗ് റൂം, ടോയ്‌ലറ്റ് തുടങ്ങി വിവിധ ക്രമീകരണങ്ങളുണ്ടാകും.
കഴിഞ്ഞ രണ്ട് വർഷമായി ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നുവരുന്നു. ഇവിടെ 10 അടി ഉയരത്തിൽ തടിയിലാണ് സിംഹാസനം ഒരുക്കിയിരിക്കുന്നത് . ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും ആഭരണങ്ങൾ ഒരുക്കിയിരിക്കുന്നത് .മുംബൈയിലെ ദിവ്യ ദേശായി എന്ന ഭക്തയാണ്. ഭഗവാന്റെ പ്രത്യേക വസ്ത്രങ്ങൾ ചെന്നൈയിലാണ് ഉണ്ടാക്കിയിരിക്കുന്നത്.















