ചന്ദ്രനും ചില കൃത്രിമ ഉപഗ്രഹങ്ങളും മാത്രമല്ല ബഹിരാകാശത്ത് ഭൂമിയെ ചുറ്റുന്നത്. ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായുണ്ടായ അവശിഷ്ടങ്ങളും ശൂന്യാകാശത്തുള്ള മറ്റ് പല വസ്തുക്കളും ഭൂമിയുടെ കാന്തിക മണ്ഡലത്തിനകത്ത് ഭ്രമണം ചെയ്യുന്നുണ്ട്. ഇതിലൊന്നാണ് ടൂൾ ബോക്സ്. ഇതെങ്ങനെ ബഹിരാകാശത്ത് എത്തിയെന്നറിയാം..
നാസയുടെ ബഹിരാകാശ സഞ്ചാരിയായ ജാസ്മിൻ മോഗ്‌ബെലിയും ലോറൽ ഒഹാരയും ബഹിരാകാശ നിലയത്തിന് പുറത്ത് ബഹിരാകാശ നടത്തത്തിന് ഇറങ്ങി. ഈ സമയം അബദ്ധത്തിൽ കയ്യിൽ നിന്നും വീണു പോയതാണ് ഈ ടൂൾബോക്‌സ്. അന്ന് കയ്യിൽ നിന്നും നഷ്ടമായ ഈ ടൂൾ ബോക്‌സ് ഇപ്പോഴിതാ ബഹിരാകാശ നിലയത്തിന് കുറച്ച് മുകളിലായി ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. ടൂൾ ബോക്‌സ് നല്ല രീതിയിൽ തിളങ്ങുന്നതിനാൽ തന്നെ ഭൂമിയിൽ നിന്നും ബൈനോക്കുലറുകളുടെയും ദൂരദർശിനികളുടെയും സഹായത്തോടെ ഇത് കാണാനാകുമെന്ന് വിദഗ്ധർ പറയുന്നു.
ബഹിരാകാശ നിലയത്തിന് പുറത്തുള്ള ക്യാമറകൾ ഉപയോഗിച്ചാണ് ടൂൾ ബോക്‌സ് കണ്ടെത്തിയിരിക്കുന്നത്. ടൂൾ ബോക്‌സിന്റെ സഞ്ചാര പാത മിഷൻ കൺട്രോൾ പരിശോധിച്ച് കണ്ടെത്തിയിട്ടുണ്ട്. ഇത് ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കുന്നതിനുള്ള സാധ്യത കുറവാണെന്നും നിലയത്തിലുള്ളവർ സുരക്ഷിതരാണെന്നും നാസ പറയുന്നു.















