ന്യൂഡൽഹി: ഇന്ത്യയിലെ അവയവ മാറ്റ ശസ്ത്രക്രിയയുടെ കണക്ക് പുറത്ത് വിട്ട് നാഷണൽ ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ(നോട്ടോ). ജീവിച്ചിരിക്കെ അവയവദാനം ചെയ്യുന്നതിൽ അഞ്ചിൽ നാലും സ്ത്രീകളും അവയവം സ്വീകരിക്കുന്നവരിൽ അഞ്ചിൽ നാലും പുരുഷൻമാരുമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 1995 മുതൽ 2021 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. രാജ്യത്ത് 29,000 പുരുഷൻമാർ അവയവം സ്വീകരിച്ചപ്പോൾ 6,945 സ്ത്രീകളാണ് അവയവം സ്വീകരിച്ചത്.
മരണശേഷം അവയവം ദാനം ചെയ്യുന്നതിൽ പുരുഷൻമാരാണ് മുന്നിൽ. എന്നാൽ ജീവിച്ചിരിക്കെ അവയവം ദാനം ചെയ്യുന്നതിൽ സ്ത്രീകളും. രാജ്യത്തെ മൊത്തം അവയവ ദാനത്തിൽ 93 ശതമാനവും ജീവിച്ചിരിക്കെയുള്ള അവയവ ദാനമാണെന്നും നോട്ടോ ഡയറക്ടർ ഡോ അനിൽ കുമാർ പറഞ്ഞു.
എക്‌സ്പിരിമെന്റൽ ആൻഡ് ക്ലിനിക്കൽ ട്രാൻസ്പ്ലാൻറേഷൻ എന്ന ജേണൽ 2021-ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ പറയുന്നത് അവയവം മാറ്റിവയ്‌ക്കുന്നതിൽ രാജ്യത്ത് വൻ ലിംഗ അസമത്വമുണ്ടെന്നാണ്. ഭാര്യയോ അമ്മയോ ആണ് പലപ്പോഴും അവയവദാതാക്കളാകാറുള്ളത്. ഇതിന് കാരണം പല വീടുകളിലും പുരുഷന്മാരാണ് പുറത്തുപോയി ജോലി ചെയ്ത് സമ്പാദിക്കുന്നത്. ഇത്തരം സാമ്പത്തിക, സാമൂഹ്യ കാരണങ്ങളാൽ, പുരുഷന്മാർ അവയവ ദാതാക്കളായാൽ കുടുംബത്തെ ബാധിക്കുമെന്ന ധാരണയുള്ളതിനാലാണ്. എന്നാൽ പുരുഷന് അവയവം ആവശ്യം വരുമ്പോൾ അവയവ ദാനമെന്നത് തങ്ങളുടെ കടമയാണെന്ന് ഭാര്യയും അമ്മയുമെല്ലാം കരുതുന്നു. കുടുംബത്തോടുള്ള കരുതൽ കാരണം സ്ത്രീകൾ കുടുംബത്തിൽ നിന്ന് അവയവം സ്വീകരിക്കാൻ മടിക്കുന്ന സാഹചര്യവുമുണ്ടെന്നും പഠനങ്ങൾ പറയുന്നു.















