ബാറ്റർമാരുടെ പറുദീസയായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നാളെ റണ്ണെഴുകും. ഇന്ത്യയിലെ മറ്റ് സ്‌റ്റേഡിയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബൗണ്ടറി ലൈനുകൾ ചെറുതായ വാങ്കഡെയിൽ ബാറ്റർമാർക്ക് ഏറെ അനുകൂല്യം ലഭിക്കും. 64 മുതൽ 68 വരെയാണ് ബൗണ്ടറിയുടെ നീളം. അതിനാൽ ബാറ്റർമാർക്ക് ഏളുപ്പത്തിൽ സിക്‌സും ഫോറും പായിക്കാമെന്നതാണ് ബൗളർമാരുടെ ആശങ്ക. മത്സരത്തിന്റെ തുടക്കത്തിൽ പേസ് ബൗളർമാർക്ക് ചെറിയ ആനുകൂല്യം പിച്ചിൽ നിന്ന് ലഭിച്ചേക്കാമെങ്കിലും കളി പുരോഗമിക്കുന്നതോടെ ബാറ്റർമാർക്ക് അനുകൂലമായി പിച്ച് മാറും. വാങ്കഡെയിൽ ഫ്‌ലഡ്‌ലൈറ്റിൽ പന്തെറിയാൻ ഫാസ്റ്റ് ബോളർമാർ ആഗ്രഹിക്കുന്നുണ്ടെങ്കിലും മഞ്ഞുവീഴ്ച ഒരു പ്രശ്‌നമാകാൻ സാധ്യതയുണ്ട്.
ലോകകപ്പിന് മുമ്പ് നടന്ന മത്സരങ്ങളിലെ വാങ്കഡെയിലെ ശരാശരി സ്‌കോർ 271 ആണ്. ലോകകപ്പിലെ മത്സരങ്ങലിൽ ശരാശരി സ്‌കോർ അത് 350 വരെയും ഉയർന്നു. ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്യുന്നവർക്കാകും മുൻതൂക്കം. ലോകകപ്പിൽ ഇതുവരെ നാല് മത്സരങ്ങളാണ് വാങ്കഡെയിൽ നടന്നത്. മൂന്നിലും ജയം ആദ്യം ബാറ്റ് ചെയ്തവർക്കൊപ്പമായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത് ജയം സ്വന്തമാക്കിയത് ഓസ്‌ട്രേലിയയാണ്.
അവസാനം കളിച്ച 27 ഏകദിനത്തിൽ 14 തവണയും ആദ്യം ബാറ്റിംഗിനിറങ്ങിയ ടീമാണ് വിജയിച്ചത്. വാങ്കഡെയിൽ ഇതുവരെ നടന്ന മത്സരങ്ങളിലെ സാഹചര്യങ്ങൾ പേസർമാർക്ക് അനുകൂലമായിരുന്നു. 6.60 എന്ന ശരാശരിയിൽ 47 വിക്കറ്റുകളാണ് പേസർമാർ വീഴ്‌ത്തിയത്. അതേസമയം സ്പിന്നർമാർക്ക് ഒരു ഓവറിൽ ശരാശരി 5.9 റൺസ് വഴങ്ങി 11 സ്‌കാൽപ്പുകൾ മാത്രമേ നേടാനായുള്ളൂ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് കൂറ്റൻ സ്‌കോർ പടുത്തുയർത്തുകയായിരിക്കും ഇന്ത്യയുടെയും ന്യൂസിലാൻഡിന്റെയും ലക്ഷ്യം. എന്നാൽ ഇന്ത്യ രണ്ട് സാഹചര്യങ്ങളിലും ഈ ലോകകപ്പിൽ മികവ് തെളിയിച്ചു കഴിഞ്ഞു. നിർണായക മത്സരത്തിൽ ഗ്രൂപ്പ്് ഘട്ടത്തിലെ പ്രകടനം ആവർത്തിക്കാൻ കഴിയുമോ എന്നതാണ് ഇന്ത്യൻ ആരാധകരുടെ ആകാംഷ.