തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്കിന്റെ മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ ഇന്ന് വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരാകും. ഇന്ന് രാവിലെ 10:30-ന് കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാനാണ് സമൻസ് അയച്ചിരിക്കുന്നത്. ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തും ഓഫീസിൽ ഹാജരാകണമെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയും ഭാസുരാംഗനെ ഇഡി 8 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
കോടികളുടെ വൻ ക്രമക്കേടുകൾ കണ്ടല സഹകരണ ബാങ്കിൽ നടന്നതായാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. 1500-ൽ പരം നിക്ഷേപകർക്കാണ് പണം നഷ്ടമായിരിക്കുന്നത്. കേസിൽ ഭാസുരാംഗന്റെ സാന്നിധ്യം തെളിഞ്ഞതോടെ പാർട്ടിയിൽ നിന്നും ഭാസുരാംഗനെ പുറത്താക്കുകയും ചെയ്തിരുന്നു. അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണ രേഖകൾ ആവശ്യപ്പെട്ട ക്രൈംബ്രാഞ്ചിന് തിരിച്ചടിയായിരിക്കുകയാണ്. വ്യക്തതയില്ലാതെ ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയെ കോടതി വിമർശിച്ചിട്ടുണ്ട്.