ന്യൂഡൽഹി: അമേരിക്കയിലെ മൂന്ന് വയസുകാരന് ഇന്ത്യൻ ദാതാവിൽ നിന്നും കരൾ സ്വീകരിക്കാനുള്ള അനുമതി നൽകി സുപ്രീം കോടതി. അമേരിക്കൻ വംശജനായ മൂന്ന് വയസുകാരന് കരൾ നൽകുന്നത് ഇന്ത്യയിൽ നിന്നുള്ള അകന്ന ബന്ധുവാണ്. ഇത്തരം കേസുകളിൽ നിയമ സാധുതകൾ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയില്ലെന്നും കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി. അമേരിക്കയിൽ വിദേശ പൗരരുടെ കാർഡിനുടമയാണ് കുട്ടി. അതിനാൽ തന്നെ ഇന്ത്യയിൽ നിന്നും കരൾ സ്വീകരിക്കുമ്പോഴുണ്ടാവുന്ന നിയമനടപടികളെ കുറിച്ചുള്ള കുട്ടിയുടെ മാതാപിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കോടതി.
കഴിഞ്ഞ ദിവസമാണ് മൂന്ന് വയസുകാരനെ കരൾ തകരാർ മൂലമുണ്ടാകുന്ന ഡികംപെൻഡേറ്റഡ് ബിലിയറി സിറോസിസ് രോഗത്തിന്റെ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് കുട്ടിയെ കരൾ മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കണമെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. എന്നാൽ വൈകാതെ തന്നെ കുട്ടിയുടെ മാതപിതാക്കൾ ഇതിന് യോഗ്യരല്ലെന്ന് തെളിഞ്ഞു. ഇതോടെ കുടുംബത്തിലെ മറ്റൊരു ബന്ധു കരൾ നൽകാൻ തയ്യാറായെങ്കിലും അവയവദാന നിയമത്തിലെ സെക്ഷൻ 9 ഇവർക്ക് കരൾ ദാനം ചെയ്യുന്നതിന് തടസമായി.
കുട്ടിയുമായി അടുത്ത ബന്ധമുള്ള വ്യക്തികൾക്ക് മാത്രമേ അവയവം ദാനം ചെയ്യാൻ പാടുകയുള്ളൂ എന്നാണ് സെക്ഷൻ 9 പറയുന്നത്. ഇതോടെ കുട്ടിയുടെ കുടുംബം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില പരിശോധിച്ച കോടതി അവയവദാനത്തിനുള്ള അനുമതി ഉടൻ നൽകുകയും ജീവൻ രക്ഷിക്കാനാണ് മുൻഗണന നൽകേണ്ടതെന്നും വ്യക്തമാക്കി.















