തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്കിന്റെ മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനും മകൻ അഖിൽ ജിത്തും വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരായി. ഇന്ന് രാവിലെ 11 മണിയോടെയാണ് ഇഡി സമൻസ് പ്രകാരം കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായത്. ഇഡി ചോദ്യം ചെയ്യൽ തുടരുകയാണ്. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയും ഭാസുരാംഗനെ ഇഡി എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
കോടികളുടെ വൻ ക്രമക്കേടുകൾ കണ്ടല സഹകരണ ബാങ്കിൽ നടന്നതായാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. 1500-ൽ പരം നിക്ഷേപകർക്കാണ് പണം നഷ്ടമായിരിക്കുന്നത്. കേസിൽ ഭാസുരാംഗന്റെ പങ്ക് കണ്ടെത്തിയതോടെ പാർട്ടിയിൽ നിന്നും ഭാസുരാംഗനെ പുറത്താക്കുകയും ചെയ്തിരുന്നു.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണ രേഖകൾ ആവശ്യപ്പെട്ട ക്രൈംബ്രാഞ്ചിന് തിരിച്ചടിയായിരിക്കുകയാണ്. വ്യക്തതയില്ലാതെ ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയെ കോടതി വിമർശിച്ചിട്ടുണ്ട്.















