തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനം മത്സ്യത്തൊഴിലാളികൾ തടഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതിയിൽ ജീവനോപാധി നഷ്ടമായ മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കട്ടമര തൊഴിലാളികൾക്കുളള നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്ന സ്ഥലത്തായിരുന്നു പ്രതിഷേധമുണ്ടായത്.
നഷ്ടപരിഹാരം നൽകുന്നതിൽ നിന്നും വടക്ക് ഭാഗത്തെ മത്സ്യ തൊഴിലാളികളെ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പോലീസ് സംഘം ബലം പ്രയോഗിച്ച് മാറ്റി. ആനുകൂല്യങ്ങൾ നൽകുമെന്ന് പറഞ്ഞ് സംസ്ഥാന സർക്കാർ തങ്ങളെ കബളിപ്പിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.















