മുംബൈ; ബൗണ്ടറികള്‍ നാലുപാടും ചിതറി…സിക്‌സറുകള്‍ ഗാലറികളില്‍ മൂളി പറന്നു…. ആവേശത്തിരത്തല്ലിയ സെമിയുടെ ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിനെ തേജോവധം ചെയ്ത് ഇന്ത്യയുടെ പോരാളികള്‍. ഐസിസി ടൂര്‍ണമെന്റിലെ നോക്കൗട്ട് സ്‌റ്റേജിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ന് രോഹിത്തും സംഘവും പടുത്തുയര്‍ത്തിയത്. നിശ്ചിത ഓവറില്‍ 397 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യ കിവീസിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്.
സെമിയില്‍ സച്ചിനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ റെക്കോര്‍ഡ് മറികടന്ന് കിംഗ് വിരാട് കോലി സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മുന്‍നിര ഒന്നാകെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. അതിന് തുടക്കമിട്ടതാകട്ടെ പതിവു പോലെ രോഹിത് ശര്‍മ്മയും. രോഹിത് കൊളുത്തിവിട്ട തീപ്പൊരിയാണ് കോലിയും ശ്രേയസും രാഹുലും ചേര്‍ന്ന് വിസ്‌ഫോടനമാക്കിയത്. ഏകദിന കരിയറിലെ 50-ാം സെഞ്ച്വറിയും നിരവധി റെക്കോര്‍ഡുകളും കുറിച്ച് കോലി പുറത്തായെങ്കിലും 80 റണ്‍സുമായി ശുഭ്മാനും 39 റണ്‍സുമായി രാഹുലും പുറത്താകാതെ നിന്നു.
117 റണ്‍സെടുത്ത കോലിയെ സൗത്തി മടക്കിയപ്പോള്‍ 105 റണ്‍സെടുത്ത ശ്രേയസിനെ ബോള്‍ട്ട് മിച്ചലിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും ന്യൂസിലന്‍ഡ് ബൗളിംഗ് നിരയെ ഇന്ത്യ പിച്ചിചീന്തിയിരുന്നു. 19 സിക്‌സറുകളാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഗാലറികളിലേക്ക് പറത്തിവിട്ടത്. 10 ഓവര്‍ എറിഞ്ഞ സൗത്തിയും നൂറ് കടന്ന് മറ്റൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചു. ആറു ബൗളര്‍മാരെ പരീക്ഷിച്ചെങ്കിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ഇന്ത്യയെ പിടിച്ചു നിര്‍ത്താനായില്ല.