തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡിംഗ് കേന്ദ്രം ശംഖുമുഖത്ത് ഒരുങ്ങുന്നു. ശംഖുമുഖം ബീച്ചിനോട് ചേർന്നുള്ള ബീച്ച് പാർക്കിലാണ് വെഡ്ഡിംഗ് കേന്ദ്രത്തിന്റെ പണികൾ പുരോഗമിക്കുന്നത്. ഇതിന്റെ നിർമ്മാണം ഉടൻ പൂർത്തിയാകും. കൂടാതെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിലെ ആദ്യ വിവാഹം ഈ മാസം 30-ന് നടക്കും.
ലോകോത്തര ഇവന്റ് മാനേജർമാരെ ഉൾപ്പെടുത്തിയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തി ഇവിടെ വിവാഹം നടത്തുന്ന അതിഥികൾക്ക് താമസസൗകര്യം, കടൽ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉൾപ്പെടുത്തി മെനു എന്നിവയും ഒരുക്കും. ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല.
വിവാഹ ചടങ്ങുകൾ വരന്റെയും വധുവിന്റെയും ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം ഉൾപ്പെടുത്തി ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിൽ ഒത്തുകൂടി നടത്തുന്ന ലളിതമായ വിവാഹ ചടങ്ങുകളെയാണ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നു പറയുന്നത്. രണ്ടുമുതൽ നാലുദിവസം വരെ ചെലവഴിച്ച് കല്യാണങ്ങൾ നടത്തുന്നവരുണ്ട്.















