വാഷിംഗ്ടൺ: ഷീ ജിൻപിംഗിനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റെ് ജോ ബൈഡൻ. ഇരുരാഷ്‌ട്രത്തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടന്ന വാർത്തസമ്മേളനത്തിലാണ് ബൈഡന്റെ പ്രതികരണം. ചൈന ഒരു കമ്യൂണിസ്റ്റ് രാഷ്‌ട്രമാണ്. അത് അമേരിക്കൻ ജനാധിപത്യ ഭരണസംവിധാനത്തിൽ നിന്നും ഏറെ വ്യത്യസ്തമാണെന്നും ചൈനയുടെ ഏകാധിപതിയാണ് ഷീ ജിൻപിംഗെന്നും അദ്ദേഹം പറഞ്ഞു.
കാലിഫോർണിയയിൽ നടന്ന യുഎസ്-ചൈന ഉച്ചകോടിയിൽ ആഗോളതലത്തിലെ പല സുപ്രധാന വിഷയങ്ങളും ചർച്ചയായെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക തല ചർച്ചകളും രാഷ്‌ട്രത്തലവന്മാർ തമ്മിലുള്ള ഫോൺ സംഭാഷണവും പുനഃസ്ഥാപിക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി. ഇറാൻ, മിഡിൽ ഈസ്റ്റ്, യുക്രെയ്ൻ, ഇന്തോ-പസഫിക്, നിർമ്മിത ബുദ്ധി (AI), കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയും ചർച്ചയുടെ ഭാഗമായിരുന്നു. അമേരിക്കയിൽ അനധികൃത മരുന്നുകടത്തിന് നേതൃത്വം നൽകുന്ന ചൈനീസ് കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ തയ്യാറാണെന്നും ചൈന വ്യക്തമാക്കി.
ഏഷ്യ-പസഫിക് കോൺഫറൻസിന്റെയും സാമ്പത്തിക പ്രതിസന്ധിയുടേയും മധ്യേഷ്യയിലെയും തായ്വാൻ അതിർത്തി സംഘർഷത്തിന്റെയും പശ്ചാത്തലത്തിലാണ് ചർച്ച നടന്ന എന്നതിനാൽ ചൈന-യുഎസ് ഉച്ചകോടിയെ ഏറെ പ്രാധാന്യത്തോടെയാണ് ലോകം കണക്കാക്കിയത്. നിരവധി വിഷയങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തുവെങ്കിലും ചൈനയെ വിശ്വസിച്ചുകൊണ്ട് കൂടുതൽ സഹകരണവുമായി മുന്നോട്ട് പോകാൻ അമേരിക്ക മടിക്കുമെന്ന് നയതന്ത്ര നിരീക്ഷികർ സൂചിപ്പിക്കുന്നു. അധിനിവേശ ശ്രമങ്ങൾ വച്ചു പുലർത്തുക, ആഗോള വാണിജ്യത്തിന് ഭീഷണി ഉയർത്തുക, ആഗോള തലത്തിൽ ചൈനീസ് അജണ്ടകൾ നടപ്പിലാക്കാൻ മാദ്ധ്യമങ്ങളെ വിലയ്‌ക്കെടുക്കുക തുടങ്ങിയ ആരോപണങ്ങൾ ചൈന നേരിടുന്നതിനാൽ അമേരിക്ക ഉൾപ്പടയുള്ള പല ലോകരാഷ്‌ട്രങ്ങളും കമ്യൂണിസ്റ്റ് രാജ്യവുമായി അതിരുകവിഞ്ഞ സഹകരണത്തിന് ശ്രമിക്കില്ലെന്നാണ് വിലയിരുത്തൽ.