തിരുവനന്തപുരം: കണ്ടല സഹകരണബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബാങ്ക് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എൻ ഭാസുരാംഗനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. നാളെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഭാസുരാംഗന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും, സ്വത്ത് വിവരങ്ങളും ഹാജരാക്കണമെന്നും ഇഡി നിർദ്ദേശിച്ചു.
ബാങ്ക് തട്ടിപ്പ് കേസിൽ തിങ്കളാഴ്ചയും, ഇന്നലെയും ഭാസുരാംഗനെ ഇഡി ചോദ്യംചെയ്തിരുന്നു. ഭാസുരാംഗനും മകൻ അഖിൽ ജിത്തുമാണ് ഇഡിയ്‌ക്ക് മുന്നിൽ ഹാജരായത്. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും ഇഡി നേരത്തെ പരിശോധന നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കോടികളുടെ വൻ ക്രമക്കേടാണ് കണ്ടല സഹകരണ ബാങ്കിൽ നടന്നത്. 1500-ൽ പരം നിക്ഷേപകർക്കാണ് പണം നഷ്ടമായിരിക്കുന്നത്. കേസിൽ ഭാസുരാംഗന്റെ പങ്ക് തെളിഞ്ഞതോടെ പാർട്ടിയിൽ നിന്നും ഭാസുരാംഗനെ പുറത്താക്കുകയും ചെയ്തിരുന്നു.















