തിരുവല്ല: കഞ്ചാവ് കേസിന്റെ ഉറവിടം തേടി പോയ എക്‌സൈസ് ഇൻസ്പെക്ടർമാർക്ക് വെട്ടേറ്റു. എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു വർഗീസ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എം ഷിഹാബുദീൻ എന്നിവർക്കാണ് വെട്ടേറ്റത്. അക്രമി ഷിബുവിനെ കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഒരാളിൽ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. ഈ പ്രതിയിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷിബുവാണ് കഞ്ചാവ് നൽകിയതെന്ന് കണ്ടെത്തിയത്.
തുടർന്ന് ഇയാളെ പിടികൂടുന്നതിനായിട്ടാണ് ഉദ്യോഗസ്ഥർ ഷിബുവിന്റെ വീട്ടിലെത്തിയത്. എന്നാൽ എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടയുടനെ ഷിബു കയ്യിൽ ഉണ്ടായിരുന്ന വടിവാൾകൊണ്ട് ഇൻസ്‌പെക്ടറെ ആക്രമിക്കുകയായിരുന്നു. കൈക്ക് വെട്ടേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല. എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് തിരുവല്ല പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.