കൊച്ചി: മുംബൈ വാങ്കഡെയില്‍ സച്ചിനെ സാക്ഷിയാക്കിയാണ് കോലി അദ്ദേഹത്തിന്റെ ഏകദിന സെഞ്ച്വറികളുടെ റെക്കോര്‍ഡ് മറികടന്നത്. താരത്തെ ക്രിക്കറ്റ് ലോകം പ്രശംസ കൊണ്ടു മൂടുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോലി സച്ചിന്റെ റെക്കോര്‍ഡുകള്‍ മറികടക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ പരിഹസിക്കുന്നവരാകും അധികവും. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം ചരിത്രം തിരുത്തപ്പെട്ടു.
2012-ല്‍ കോലി സച്ചിന്റെ ഏകദിന സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് മറികടക്കുമെന്ന് പ്രവചിച്ച ഒരു മലയാളിയുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു ഷിജു ബാലാനന്ദന്റെ പ്രവചനം. വിരാട് കോലി സച്ചിന്റെ ഏകദിന റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് 2012 ജൂലൈ 22നാണ് ഷിജു ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ ഷിജുവിനെ പരിഹസിച്ചും വിമര്‍ശിച്ചും ഒരുപാട് പേർ രംഗത്തെത്തി. എന്നാല്‍ ഷിജു ഇതിനെയെല്ലാം ചെറു പുഞ്ചിരിയോടെ നേരിട്ടു, വിമര്‍ശകര്‍ക്കെല്ലാം വ്യക്തമായ മറുപടി നല്‍കി. തന്റെ പ്രവചനത്തില്‍ ഉറച്ചു നിന്നു. കോലി ഓരോ സെഞ്ച്വറി നേടുമ്പോഴും അയാള്‍ ആ പോസ്റ്റിന് താഴെ കമന്റായി എണ്ണം അപ്‌ഡേറ്റ് ചെയ്തിരുന്നു. അപ്പോഴും എണ്ണം ഇനിയും ഉണ്ടല്ലോ എന്ന് പലരും ഓര്‍മ്മിപ്പിച്ചു. എന്നാല്‍ അയാള്‍ ആ നേട്ടത്തിലേക്ക് ഒരിക്കല്‍ എത്തുമെന്ന് തറപ്പിച്ചു പറഞ്ഞായിരുന്നു എതിര്‍ വാദങ്ങളെ ഷിജു ഖണ്ഡിച്ചിരുന്നത്.
ഏറ്റവും ഒടുവില്‍ 2018 ഫെബ്രുവരിയില്‍ കോലിയുടെ 35-ാം സെഞ്ച്വറി അപ്‌ഡേറ്റ് ചെയ്തതിന് ശേഷം പിന്നൊരിക്കലും ഒരു അപ്‌ഡേറ്റിന് ആ പോസ്റ്റിന് താഴെ ഷിജുവിന്റേതായി ഉണ്ടായില്ല. ഒരു വാഹനാപകടത്തിന്റെ രൂപത്തില്‍ വിധിയെത്തിയതോടെ ഷിജു ഈ ലോകത്തോട് വിടപറഞ്ഞു. എങ്കിലും ഉറ്റവരായ സുഹൃത്തുക്കള്‍ അയാളുടെ ആ പ്രവചനത്തിന് വില കല്‍പ്പിച്ച് കോലിയുടെ സെഞ്ച്വറികള്‍ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടേയിരുന്നു. ഒടുവില്‍ ഇന്നലെ പലരും തിരസ്‌കരിച്ച ഷിജുവിന്റെ പ്രവചനം യാഥാര്‍ത്ഥ്യമായി. അതുകാണാന്‍ ഷിജു ഇല്ലെന്ന വിഷമത്തിലും അവനു വേണ്ടി കോലിയുടെ 50-ാം സെഞ്ച്വറി സുഹൃത്തുക്കള്‍ ആ പോസ്റ്റിന് താഴെ അപ്‌ഡേറ്റ് ചെയ്തു.. ഇനിയൊരിക്കലും ഒരു പക്ഷേ അവിടെയൊരു അപ്‌ഡേറ്റ് ഉണ്ടായേക്കില്ല.