ആദ്യ അക്കാദമിക് പ്രോഗ്രാമിലേക്കുള്ള അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി- അബുദാബി ക്യാമ്പസ്. എനർജി ട്രാൻസിഷൻ ആൻഡ് സസ്റ്റെയ്‌നബിലിറ്റി (ഇടിഎസ്) ബിരുദാനന്തര ബിരുദ കോഴ്സിലേക്കാണ് അപേക്ഷാ നടപടികൾ ആരംഭിച്ചിട്ടുള്ളത്. സായിദ് സർവകലാശാലയുമായി സഹകരിച്ചാകും ഇത്. ജനുവരിയിലാകും കോഴ്‌സുകൾ ആരംഭിക്കുക.
മെക്കാനിക്കൽ, കെമിക്കൽ, സിവിൽ, പെട്രോളിയം, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, എനർജി, എയറോസ്‌പേസ്, മെറ്റീരിയലുകൾ, മെറ്റലർജി, ഫിസിക്‌സ് എന്നിവയിൽ നാല് വർഷത്തെ ബിരുദം അല്ലെങ്കിൽ ഭൗതികശാസ്ത്രത്തിലോ രസതന്ത്രത്തിലോ എംഎസ്സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഐഐടി-ഡൽഹി അബുദാബിയുടെ കർശന മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പ്രവേശനം. ഊർജ വ്യവസായത്തിലെയും അനുബന്ധ മേഖലകളിലെയും വിദഗ്ധരെ സജ്ജരാക്കുന്നതിനും സുസ്ഥിര സമീപനങ്ങൾ നടപ്പിലാക്കുന്നതിനും ആവശ്യമായ അറിവും വൈദഗ്ധ്യവും നൽകുകയാണ് കോഴിസിന്റെ ലക്ഷ്യം.
വിദ്യാഭ്യാസ മന്ത്രാലയം, അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷൻ ആന്റ് നോളജ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹി എന്നിവർ ജൂലൈയിൽ ഒപ്പുവെച്ച ധാരണപത്ര പ്രകാരമാണ് ഐഐടി-ഡൽഹി അബുദാബി സ്ഥാപിതമായത്.