തിരുവനന്തപുരം: കേരളത്തിൽ 33 ശതമാനം വാഹനങ്ങൾ ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന് കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്. രാജ്യത്തെ പ്രധാന ഇൻഷുറൻസ് കമ്പനികളുടെ യോഗത്തിലാണ് കണക്കുകൾ വിവരിച്ചിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ഇവയിൽ അധികവും ഇരുചക്ര വാഹനങ്ങളാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്‌ക്കണമെന്ന് സർക്കാർ ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യം ചർച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ പ്രമുഖ ഇൻഷുറൻസ് കമ്പനികളെ തലസ്ഥാനത്തേക്ക് വിളിച്ചു വരുത്തി യോഗം സംഘടിപ്പിച്ചത്. കൂടുതൽ ചർച്ചകൾക്ക് വേണ്ടി സർക്കാർ പ്രത്യേക ഉദ്യോഗസ്ഥ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്.
ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുത്താൽ ഇവ സൂക്ഷിക്കുന്നതിന് പൊതുവായ ഇടം കണ്ടെത്തുമ്പോൾ ഇതിന് ഇൻഷുറൻസ് കമ്പനികൾ വാടക നൽകണമെന്നതിലും ഏകദേശ ധാരണയിലെത്തി. അപകട സ്ഥലത്ത് നിന്നും പരിക്കേറ്റവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്ന വ്യക്തികൾക്ക് ഗുഡ് സ്മരിറ്റൻ പാരിതോഷികം നൽകണമെന്ന ആവശ്യവും യോഗത്തിൽ മുന്നോട്ട് വെച്ചു. റോഡ് ക്യാമറയിൽ അപകടം മൂലം കേട് സംഭവിക്കുന്ന റോഡ് ക്യാമറ മാറ്റി വെയ്‌ക്കുന്നതിലും ഇൻഷുറൻസ് കമ്പനികളുടെ സഹായം തേടിയിട്ടുണ്ട്.