തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വ്യാജ ആപ്ലിക്കേഷൻ നിർമ്മിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിആർ കാർഡ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയൽ കാർഡ് യൂത്ത് കോൺഗ്രസ് നിർമ്മിച്ചത്. സംഭവത്തിൽ എത്രയും വേഗം കേസെടുക്കണമെന്നും കുറ്റ കൃത്യത്തിന് പിന്നിൽ കോൺഗ്രസ് എംഎൽഎയ്‌ക്ക് പങ്കുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഇപ്പോൾ ഉപയോഗിച്ചത് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടിയാണെങ്കിലും നടന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. പൊതു തിരഞ്ഞെടുപ്പുകളിൽ ഇത് ഉപയോഗിക്കാം, വ്യാജ സിം കാർഡ് ഉണ്ടാക്കാം തുടങ്ങി നിരവധി തട്ടിപ്പുകൾ ഇതുവഴി നടത്താനാവും. ഈ ആപ്പ് ഉണ്ടാക്കിയത് ഒരു എം.എൽ.എ നേരിട്ട് നേതൃത്വം നൽകിയാണ്. കെ.സി വേണുഗോപാലും വി.ഡി സതീശനും ഇക്കാര്യം അറിഞ്ഞിരുന്നു. പോലീസ് അടിയന്തിരമായി കേസെടുക്കണം. തിരഞ്ഞെടുപ്പ് കമ്മീഷനും ഇടപെടണം. ബിജെപി ഇക്കാര്യത്തിൽ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രം മതി എന്നതും ഭയപ്പെടുത്തുന്നതാണ്. പേരും മേൽവിലാസവും ഉൾപ്പെടെ വിവരങ്ങൾ നൽകിയാൽ 5 മിനിറ്റിനകം യഥാർത്ഥ തിരിച്ചറിയൽ കാർഡിനെ വെല്ലുന്ന രീതിയിൽ ആപ്പ് വഴി വ്യാജ കാർഡ് ലഭ്യമാകും. ആയിരക്കണക്കിന് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡാണ് ഇത്തരത്തിൽ യൂത്ത് കോൺഗ്രസ് നിർമ്മിച്ചത്.















