കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ ഒരു മരണം കൂടി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ കടവൻകുടി പ്രവീൺ പ്രദീപാണ് മരിച്ചത്. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
ഗുരുതരമായി പൊള്ളലേറ്റ പ്രവീൺ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്ഫോടനത്തിൽ പൊള്ളലേറ്റ് പ്രവീണിന്റെ അമ്മ റീന ജോസ് (സാലി-45), സഹോദരി ലിബ്‌ന എന്നിവർ മരിച്ചിരുന്നു. പ്രവീണും കൂടി മരിച്ചതോടെ ഒരു കുടുംബത്തിൽ മാത്രം മൂന്ന് പേരുടെ ജീവനാണ് നഷ്ടമായത്. പ്രദീപന്റെ മറ്റൊരു മകൻ രാഹുലിനും സ്ഫോടനത്തിൽ പൊള്ളലേറ്റിരുന്നു. രാഹുൽ അപകടനില തരണം ചെയ്തു.
കളമശേരി സ്ഫോടനക്കേസ് എൻഐഎ ഏറ്റെടുത്തേക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. യുഎപിഐ ചുമത്തിയ കേസിൽ എൻഐഎയും തെളിവുകൾ ശേഖരിച്ചിരുന്നു. കേസിൽ ഒരു പ്രതി മാത്രമാണ് കൃത്യത്തിന് പിന്നിലെന്ന അന്തിമ നിഗമനത്തിലാണ് അന്വേഷണസംഘം. ഒക്ടോബർ 29-നാണ് യഹോവ സാക്ഷികളുടെ സമ്മേളനത്തിലുണ്ടായ ടിഫിൻ ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.















