ന്യൂഡൽഹി: ട്രെയിൻ ഗതാഗതം ഉപയോഗിക്കുന്നവർ അധികവും യാത്ര ചെയ്യുന്നത് ജനറൽ, സ്ലീപ്പർ കോച്ചുകളിലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഏപ്രിലിനും ഒക്ടോബറിനും ഇടയിൽ ട്രെയിൻ യാത്ര ചെയ്ത 390.2 കോടി ആളുകളിൽ 95.3 ശതമാനം പേരും ജനറൽ, സ്ലീപ്പർ ക്ലാസുകളിലാണ് യാത്ര ചെയ്തത്. 4.7 ശതമാനം യാത്രക്കാർ മാത്രമാണ് എസി കോച്ചുകളിൽ യാത്ര ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്സവ സീസണായ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ 2,614 അധിക ട്രെയിനുകളാണ് സർവീസ് നടത്തിയത്. എന്നാൽ ഈ വർഷം ഇതിനോടകം 6.754 അധിക സർവീസുകളാണ് യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ സജ്ജമാക്കിയതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വരുമിത്. റെയിൽവേയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്‌ക്കുന്നുവെന്ന റിപ്പോർട്ടുകൾ തെറ്റാണ്. എല്ലാ ട്രെയിനുകളിലും 22 കോച്ചുകളാണുള്ളതെന്നും മന്ത്രി പറഞ്ഞു. സ്റ്റാർഡേർഡ് കോച്ചിന്റെ ഘടനയിൽ മാറ്റമില്ല. ആറ് മുതൽ ഏഴ് വരെ സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ, ഒന്നോ അതിലധികമോ എസി ഒന്നാം ക്ലാസ്, ഒന്നോ രണ്ടോ പാൻട്രി കാറുകൾ, രണ്ട് 2 എസി കോച്ചുകൾ, ആറ് 3 എസി കോച്ചുകൾ, ഒരു പവർ കാർ അല്ലെങ്കിൽ ഗാർഡ് കോച്ച് എന്നിവയാണ് ഓരോ ട്രെയിനുലുമുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വർഷവും അധിക ട്രെയിൻ സർവീസുകളുടെ എണ്ണം തീരുമാനിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മൂന്ന് മാസം മുൻപ് റിസർവേഷനുകളും വെയ്റ്റിംഗ് ലിസ്റ്റ് ട്രെൻഡുകളും നിരീക്ഷിക്കപ്പെടും.ഇതിനനുസരിച്ചാകും അധിക ട്രെയിൻ യാത്രകൾ ആസൂത്രണം ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ട്രെയിനുകളിലെ ജനറൽ, നോൺ എസി സ്ലീപ്പർ കോച്ചുകളുടെ എണ്ണം റെയിൽവേ കുറച്ചതാണ് ഉത്സവ സീസണിലെ തിരക്കിന് കാരണമെന്ന തരത്തിലാണ് ആരോപണം ഉയർന്നിരുന്നത്. റെയിൽവേമന്ത്രി തന്നെ ഇതിന് വിശദീകരണ നൽകിയതോടെ വസ്തുത പുറത്തുവന്നിരിക്കുകയാണ്.