തിരുവനന്തപുരം: കണ്ടല സഹകരണബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബാങ്ക് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എൻ ഭാസുരാംഗൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ബുധനാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഹാജരാകണമെന്ന് ഇഡി നിർദ്ദേശിച്ചിരുന്നു. രേഖകൾ ഹാജരാക്കാൻ ഭാസുരാംഗൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടല ബാങ്ക് തട്ടിപ്പിൽ സി പി ഐ നേതാവ് എൻ ഭാസുരാംഗനെ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം മുന്നോട്ടു പോകുന്നത്.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ തിങ്കൾ, ബുധൻ ദിവസങ്ങളിലായി 18 മണിക്കൂറോളം എൻ ഭാസുരാംഗനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഭാസുരാംഗന്റെ സാമ്പത്തിക ഇടപാടുകൾ, ബാങ്ക് നിക്ഷേപങ്ങൾ, വായ്പകൾ അനുവദിക്കുന്നതിലെ ഇടപെടലുകൾ എന്നിവയിലാണ് ഇഡി അന്വേഷണം.പ്രാഥമിക അന്വേഷണത്തിൽ 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല ബാങ്കിൽ ക്രമക്കേടിന്റെ വ്യാപ്തി ഇതിലും വലുതാണെന്നാണ് സൂചന.
കണ്ടല ബാങ്കിലും ജീവനക്കാരിൽ ചിലരുടെ വീടുകളിലും റെയ്ഡ് നടത്തിയ ഇഡി എൻ ഭാസുരാംഗനെ കസ്റ്റഡിയിൽ എടുത്തെങ്കിലും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രി വിട്ട ശേഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തത്. ഇന്നും ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും ഇന്ന് ചോദ്യം ചെയ്യലിന് ഭാസുരാംഗൻ എത്തില്ല. ഇഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം ഭാസുരാംഗൻ ചോദിച്ചിരുന്നു. സ്വത്ത് വിവരങ്ങൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ എന്നിവ ഹാജരാക്കാനാണ് കൂടുതൽ സമയം. ഭാസുരാംഗനെ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം മുന്നോട്ട് പോകുന്നത്. കൂടുതൽ തെളിവുകൾ ശേഖരിച്ച് അറസ്റ്റിലേക്കും കടന്നേക്കും.















