ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേനയും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
ബുധാൽ തെഹ്‌സിലിലെ ഗുല്ലർ-ബെഹ്‌റോട്ട് പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. സൈന്യത്തിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും സിആർപിഎഫിന്റെയും നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനിടെയാണ് വെടിവയ്പ്പ് നടന്നത്.
ഇന്ന് രാവിലെ കുൽഗ്രാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. അഞ്ച് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായാണ് സുരക്ഷാ സേനയ്‌ക്ക് ലഭ്യമാകുന്ന വിവരം. കുൽഗ്രാമിലെ ഡിഎച്ച് പോറ ഏരിയയിലുള്ള സാമ്‌നോ പോക്കറ്റിലാണ് ഏറ്റുമുട്ടൽ നടന്നത്.