ആലപ്പുഴ: അമ്പലപ്പുഴയിൽ ബൈക്ക് മോഷണക്കേസിൽ വിധി കേട്ടതോടെ കുഴഞ്ഞ് വീണ് പ്രതി. ആര്യാട് തെക്ക് പഞ്ചായത്ത് പൂങ്കാവ് കോളനിയിൽ സജീർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം പുതുവൽ ഇജാസ് എന്നിവരാണ് കേസിലെ പ്രതികൾ. കോടതി ശിക്ഷ വിധിച്ചത് കേട്ടതിന് പിന്നാലെ സജീർ കുഴഞ്ഞു വീണു. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഞ്ച് മാസം തടവും 3,000 രൂപ പിഴയും വിധിച്ചതിന് പിന്നാലെ സജീർ കുഴഞ്ഞ് വീഴുകയായിരുന്നു. ഇജാസിനെ മാവേലിക്കര സബ് ജയിലിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മജിസ്ട്രേറ്റ് അനു ടി തോമസാണ് കേസിൽ തടവും പിഴയും വിധിച്ചത്. പുന്നപ്ര വാടക്കൽ പഴമ്പാശേരി വീട്ടിൽ നിന്നും ഹീറോ ഹോണ്ട ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായത്.