കോഴിക്കോട്: നിരത്തുകളിൽ അപകടാവസ്ഥയിൽ താഴ്ന്ന് കിടക്കുന്ന കേബിളുകൾക്ക് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കെഎസ്ഇബി ഡിവിഷണൽ എക്‌സിക്യൂട്ടീവ് എൻജീനിയർമാർക്കാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്.
ജില്ലയിൽ നിരവധിയിടങ്ങളിലാണ് കേബിളുകൾ അപകടാവസ്ഥയിൽ താഴ്ന്ന് കിടക്കുന്നത്. ഇത് വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നിർദ്ദേശം നൽകിയത്. സ്വീകരിച്ച നടപടി മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. കെഎസ്ഇബിയുടെ പോസ്റ്റുകളിൽ നിരവധി സ്വകാര്യ കേബിൾക്കാരും കേബിൾ വലിക്കുന്നുണ്ട്. ഈ കേബിളുകളാണ് അപകടാവസ്ഥയിൽ താഴ്ന്ന് കിടക്കുന്നത്. അതുകൊണ്ട് തന്നെ ഇത് അപകടസാധ്യത കൂട്ടുമെന്നും കമ്മീഷൻ വ്യക്തമാക്കി.















