ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. 27,500 കിലോഗ്രാം വരുന്ന നിർണായക രക്ഷാപ്രവർത്തന ഉപകരണങ്ങൾ ഇന്ത്യൻ വ്യോമസേന പർവ്വതനിരയിലെ എയർസ്ട്രിപ്പിലെത്തിച്ചു. വ്യോമസേനയുടെ സി-130ജെ വിമാനമാണ് പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് എയർസ്ട്രിപ്പിൽ പറന്നിറങ്ങിയത്.
തുരങ്കത്തിന് 30 കിലോമീറ്റർ അകലെയുള്ള ധാരാസു അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടിന് (എഎൽജി) നീളം കുറവായതിനാൽ വ്യോമസേനയുടെ വിമാനത്തിന് ലാൻഡിംഗ് സങ്കീർണ്ണമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഭാരമുള്ള ഉപകരണങ്ങളായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. പുറപ്പെടുന്ന സമയത്ത് കാലാവസ്ഥ പ്രതികൂലമായതും, ഇടുങ്ങിയ സ്ഥലത്ത് ഭാരം കൂടിയ ഉപകരണങ്ങളുമായുളള ലാൻഡിംഗ് എന്നിങ്ങനെയുള്ള വെല്ലുവിളികൾക്കിടയിലാണ് ദൗത്യം ഏറ്റെടുത്തത്. രക്ഷാപ്രവർത്തന ഉപകരണങ്ങൾ പുറത്തെടുക്കുന്നതിനുള്ള സാമഗ്രികകളും എൽഎജിയിൽ ഇല്ലായിരുന്നു. രക്ഷാപ്രവർത്തനം മന്ദഗതിയിലാകാതിരിക്കാൻ ഒരു മൺ റാമ്പ് നിർമ്മിച്ചു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും എയർക്രൂവിന്റെ അനുഭവപരിചയം ദൗത്യം പൂർത്തികരിക്കുന്നതിന് സഹായിച്ചുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പ്രതികൂല സാഹചര്യങ്ങളും എഎൽജിയുടെ അവസ്ഥയും വിലയിരുത്താൻ സി-130ജെ വിമാനത്തിന്റെ പൈലറ്റുമാർ വ്യോമസേനയുടെ ഹെലിക്കോപ്റ്ററിൽ നീരിക്ഷണ പറക്കൽ നടത്തിയിരുന്നു. ഇതിന് ശേഷമാണ് വ്യോമസേനയുടെ സി-130ജെ വിമാനം എയർസ്ട്രിപ്പിൽ പറന്നിറങ്ങിയത്.