ചെന്നൈ: വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണം വിലയിരുത്തി റെയിൽവേ ബോർഡ് അംഗം രൂപ് നാരായൺ സുങ്കർ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ എത്തിയാണ് അദ്ദേഹം പരിശോധന നടത്തിയത്. ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം ഐസിഎഫിലെത്തിയത്.
വന്ദേഭാരത് ട്രെയിനുകളുടെ ഉത്പാദനം, വീലുകൾ സ്ഥാപിക്കുന്നത്, പുഷ്-പുൾ ട്രെയിനിന്റെ നിർമ്മാണം എന്നിവയാണ് രൂപ് നാരായൺ സുങ്കർ വിലയിരുത്തിയത്. വരും മാസങ്ങളിൽ വന്ദേഭാരത് ട്രെയിനിന്റെ നിർമ്മാണത്തിന് ആവശ്യമായ ട്രാക്കുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഐസിഎഫിലുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നടന്നു വരുന്ന വിവിധ പദ്ധതികളെ കുറിച്ച് റെയിൽവേ ബോർഡ് അംഗം രൂപ് നാരായൺ സുങ്കറും ഐസിഎഫ് ജനറൽ മാനേജർ ബിജി മല്യയും ചർച്ച നടത്തി. കൂടാതെ മറ്റ് വകുപ്പ് മേധാവികളുമായും ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. വന്ദേഭാരത് എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് തദ്ദേശിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കോച്ചുകൾ തയാറാക്കുന്നതിനെ അദ്ദേഹം പ്രശംസിച്ചു.