ചെന്നെെ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ എസ്.വെങ്കിട്ടരമണ അന്തരിച്ചു. 92 വയസ്സായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. മക്കളുടെയും കുടുംബത്തിന്റെയുമൊപ്പം ചെന്നൈയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 1990 മുതൽ1992 വരെ രണ്ട് വർഷക്കാലം അദ്ദേഹം ആർബിഐ യുടെ ഗവർണർ ആയി സേവനമനുഷ്ഠിച്ചിരുന്നു. ആർബിഐ യുടെ 18-ാമത് ഗവർണറായിരുന്നു എസ്. വെങ്കിട്ടരമണ.
1985 മുതൽ1989 വരെ അദ്ദേഹം കേന്ദ്ര ധനമന്ത്രാലയത്തിൽ ധനകാര്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു. ആർബിഐ ഗവർണർ സ്ഥാനത്ത് എത്തുന്നതിന് മുൻപേ അദ്ദേഹം ഇന്ത്യൻ അഡ്മിനിസ്ട്രറ്റീവ് സർവീസിൽ ആയിരുന്നപ്പോൾ കർണ്ണാടക ഗവൺമെന്റിന്റെ അഡ്വൈസറായും ഫിനാൻസ് സെക്രട്ടറിയായും പ്രവർത്തിച്ചു.
വിദേശനാണ്യ കരുതൽ ശേഖരം വെറും രണ്ട് മാസത്തെ ഇറക്കുമതി മൂല്യത്തിൽ താഴ്ന്ന നിലയിലായതോടെ, രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. കൂടാതെ വിദേശമേഖലയിൽ രാജ്യം ബുദ്ധിമുട്ടുകൾ നേരിട്ട സമയത്തായിരുന്നു വെങ്കിട്ടരാമൻ സെൻട്രൽ ബാങ്കിലെ ഗവർണറായി ചുമതലയേറ്റത്.
‘രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നപ്പോൾ വളരെ സാമർത്ഥ്യമുള്ള പദ്ധതികളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഐഎംഎഫിന്റെ സ്ഥിരത പദ്ധതി ഇന്ത്യ ആരംഭിച്ചതും അദ്ദേഹത്തിന്റെ കാലത്തായിരുന്നു’. ആർബിഐ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.