കണ്ണൂർ: കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തെ പുച്ഛിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇരിട്ടിയിൽ കർഷകൻ ആത്മഹത്യചെയ്തതിനെ കുറിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു വയോധികന്റെ മരണത്തെ നിസാരവത്കരിച്ചു കൊണ്ടുള്ള ജയരാജന്റെ പ്രതികരണം.
‘ഈ ആത്മഹത്യക്കുള്ള കാരണങ്ങളൊക്കെ നമ്മുടെ ഒരു നിരീക്ഷണത്തിൽ വളരെ ലളിതമാണ്. പക്ഷേ, മനുഷ്യന്റെ മാനസികാവസ്ഥയല്ലേ.. ഒരു കൃഷിക്കാരനും ഇവിടെ പെൻഷൻ കിട്ടാത്തത് കൊണ്ട് ആത്മഹത്യ ചെയ്യുമെന്ന് പറയാൻ സാധിക്കില്ല. കാട്ടാന ശല്യത്തിൽ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ? ഇന്ന് രാവിലെ ഉണ്ടാകുന്നതല്ലല്ലോ കാട്ടാന ശല്യം. എത്രകാലമായി അമ്പായത്തോട്, കൊട്ടിയൂർ, കേളകം, കണിച്ചാർ, വയനാട് ഭാഗത്ത് ആനയിറങ്ങൂന്നു? ഇടുക്കിയിൽ ആനയിറങ്ങൂന്നില്ലേ? -ഇപി ജയരാജൻ പറഞ്ഞു.
കണ്ണൂർ ഇരിട്ടി അയ്യൻ കുന്ന് പഞ്ചായത്തിലെ പാലത്തിൻ കടവ് നടുവത്ത് സുബ്രഹ്‌മണ്യൻ (71) ആണ് കഴിഞ്ഞ ദിവസം വാടക വീട്ടിൽ തൂങ്ങി മരിച്ചത്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ രണ്ട് ഏക്കർ കൃഷിയിടവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് താമസിക്കുകയായിരുന്നു. കാലങ്ങളായി വാർദ്ധക്യ പെൻഷനും മുടങ്ങിയിരുന്നു.