തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിൽ എട്ടംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. സൈബർ വിദഗ്ധരുൾപ്പെടെ എട്ടംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാമിനും വ്യാജകാർഡ് നിർമ്മാണത്തിൽ പങ്കുണ്ടെന്ന ആരോപണങ്ങൾ അന്വേഷിക്കും.
സൈബർ പോലീസും അന്വേഷണ സംഘത്തിലുണ്ട്. പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ഹാക്കറുടെ സഹായത്തോടെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതെന്നാണ് ഉയരുന്ന ആരോപണം.
വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പ്രതികരണമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ വിമർശിച്ചിരുന്നു. നിരവധി ആരോപണങ്ങളാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഉയരുന്നത്. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.