തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് നയൻതാരയും വിഗ്നേഷ് ശിവനും. തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന താരത്തിന്റെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് വലിയ താൽപര്യമാണ്. ഇരുവരുടെയും വിവാഹ ശേഷം മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും വിശേഷങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ നയൻതാരയുടെ അടുത്ത സുഹൃത്തും പ്രശസ്ത കൊറിയോഗ്രാഫറുമായ കലാ മാസ്റ്റർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ഒരു നായിക എന്ന നിലയിൽ മാത്രമാണ് എല്ലാവർക്കും നയൻതാരയെ അറിയുന്നത്. എന്നാൽ തന്റെ വ്യക്തി ജീവിതത്തിൽ ഒരു ഉത്തമയായ വീട്ടമ്മ കൂടിയാണ് താരം. ഭാര്യ, അമ്മ എന്നീ നിലകളിലെല്ലാം തന്റെ കടമകൾക്ക് ഒരു വിട്ടുവീഴ്ചയുമില്ലാതെ നിർവഹിക്കുന്നയാളാണ് നയൻതാര. വീട്ടുകാര്യങ്ങളെല്ലാം വളരെ ഉത്തരവാദിത്വത്തോടെ നോക്കുന്ന വീട്ടമ്മ കൂടിയാണ് നയൻതാരയെന്നും കലാമാസ്റ്റർ പറയുന്നു.
സൂപ്പർ ഹിറ്റായ ജവാന്റെ ഷൂട്ടിംഗിനിടെ തന്റെ ഇരട്ടകുട്ടികളെയും കൊണ്ടായിരുന്നു നയൻതാര ചിത്രീകരണത്തിന് വന്നത്. തന്റെ മക്കളുടെ കാര്യം മറ്റാരും നോക്കുന്നത് നയൻതാരയ്‌ക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് തനിക്കൊപ്പം കുട്ടികളെയും കൊണ്ട് ഷൂട്ടിംഗ് ലൊക്കേഷനിൽ വന്നതെന്നും മാസ്റ്റർ വെളിപ്പെടുത്തുന്നു. സെറ്റിലെത്തിയാൽ പിന്നെ തന്റെ ജോലിയെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും അവർ ചിന്തിക്കാറേയില്ലെന്നും കലാമാസ്റ്റർ പറയുന്നു.