ലക്‌നൗ: കുപ്രസിദ്ധ കുറ്റവാളിയെ വധിച്ച് ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ്. തലയ്‌ക്ക് 1.25 ലക്ഷം രൂപ വിലയിട്ട കുറ്റവാളിയായ റാഷിദ് കാലിയയെയാണ് ഏറ്റുമുട്ടലിനൊടുവിൽ എസ്ടിഎഫ് വധിച്ചത്. 40-ലധികം കൊലപാതകങ്ങളാണ് കരാർ പ്രകാരം ഇയാൾ നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം ഝാൻസി ജില്ലയിലെ മൗറാണിപൂരിൽ കൊല നടത്താനെത്തിയ വേളയിലായിരുന്നു എസ്ടിഎഫ് വധിച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. മൗറാനിപൂരിൽ കാലിയയുടെ സാന്നിധ്യത്തെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്ടിഎഫ് സ്ഥലത്തെത്തിയത്. തുടർന്ന് നടന്ന ഏറ്റമുട്ടലിൽ ഇയാൾക്ക് വെടിയേൽക്കുകയായിരുന്നു. വെടിവെപ്പിൽ മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
2020 ജൂണിൽ ചക്കേരിയിലെ രാഷ്‌ട്രീയ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലായിരുന്നു പോലീസ് ഇയാളെ അന്വേഷിച്ചിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ കാൺപൂർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ 13 കേസുകളുണ്ടെന്ന് കണ്ടെത്തി. മറ്റ് പലയിടങ്ങളിലായി 40-ലധികം കൊലപാതകങ്ങളാണ് ഇയാൾ നടത്തിയത്. കരാർ പ്രകാരമായിരുന്നു കൊലപാതകം നടത്തിയിരുന്നത്.