സമീപകാല പാൻ ഇന്ത്യൻ സിനിമകളിൽ ഏറ്റവും വലിയ വിജയമായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കാന്താര. മികച്ച നിരൂപക പ്രശംസ പിടച്ചുപറ്റിയ ചിത്രം 400 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. അപ്രതീക്ഷിത വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം വരാൻ ഒരുങ്ങുകയാണെന്ന വാർത്ത വന്നിരുന്നു. കാന്താര പ്രീക്വലിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്.
ചിത്രത്തിന്റെ പൂജ ഈ മാസം അവസാനം നടക്കും. ‘ഗ്രാമവാസികളും ദൈവവും രാജാവും തമ്മിലുള്ള ബന്ധത്തിന്റെ കഥയായിരിക്കും കാന്താര 2. എ.ഡി 300 മുതൽ 400 കാലട്ടത്തിൽ പഞ്ചുരുളി എന്ന നാടിന്റെ ഉത്ഭവം മുതലുള്ള കഥയാണ് രണ്ടാം ഭാഗം പറയുന്നത്. ഇത്തവണ കാന്താര 2 വിന്റെ ബജറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. കന്നട ചിത്രമായ കാന്താരയിലൂടെ ഋഷഭ് ഷെട്ടി എന്ന നടനും സംവിധായകനും കേരളത്തിലും വൻ ആരാധകലോകത്തെയാണ് സ്വന്തമാക്കിയത്.
നേരത്തെ ഋഷഭ് ഷെട്ടി കർണാടകയിലുള്ള തീരപ്രദേശങ്ങളിലെ വനങ്ങളിൽ പോയിരുന്നു. നാടോടിക്കഥകളെക്കുറിച്ച് കൂടുതൽ പഠിക്കാൻ രണ്ട് മാസമാണ് അദ്ദേഹം സിനിമയിൽ നിന്നും വിശ്രമമെടുത്തത്. ‘ഗ്രാമവാസികളും ദൈവവും രാജാവും തമ്മിലുള്ള ബന്ധത്തിന്റെ കഥയായിരിക്കും കാന്താര 2. ഗ്രാമവാസികളെയും ചുറ്റുമുള്ള ഭൂമിയെയും സംരക്ഷിക്കാൻ രാജാവ് ദേവനുമായി ഒരു ഉടമ്പടി ഉണ്ടാക്കിയിരുന്നു, പക്ഷേ കാര്യങ്ങൾ മറിച്ചായി. ഈ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള യുദ്ധമാണ് സിനിമയുടെ കാതൽ എന്നാണ് നിർമ്മാതാവ് വ്യക്തമാക്കുന്നത്. അടുത്ത വർഷം ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിൽ കാന്താര -2 പാൻ ഇന്ത്യൻ റിലീസായി എത്തുമെന്നാണ് റിപ്പോർട്ട്.