കോഴിക്കോട്: പാളയം മാർക്കറ്റിൽ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടത്തിൽ വലഞ്ഞ് ജനങ്ങൾ. മാർക്കറ്റിൽ രാത്രി കാലങ്ങളിൽ ലഹരി സംഘങ്ങളുടെ ആക്രമണം സ്ഥിരമാണ്. കഴിഞ്ഞ ദിവസം രാത്രി നിരീക്ഷണത്തിനെത്തിയ പോലീസുകാർക്കെതിരെയും സംഘം ആക്രമണം തുടർന്നു. ഇതോടെയാണ് മയക്കു മരുന്ന് കേസുകളിലും അടിപിടി കേസുകളിലും ഉൾപ്പെട്ടിട്ടുള്ള ജിതിൻ റോസാരിയോ (29) അക്ഷയ് (27) എന്നിവരെ കസബ എസ്ഐ ജഗമോഹൻ ദത്തയുടെ നേതൃത്വത്തിൽ കീഴ്പ്പെടുത്തിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
ലഹരിസംഘങ്ങളും ഗുണ്ടാസംഘങ്ങളും മാർക്കറ്റിൽ തമ്പടിക്കുന്നത് പതിവാണ്. ഇതേ തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജുവിന്റെ നിർദ്ദേശം അനുസരിച്ച് മാർക്കറ്റിൽ എത്തിയതായിരുന്നു എസ്ഐ ജഗമോഹൻ ദത്തയും സംഘവും. ഇവർക്ക് നേരെ ആക്രോശിക്കുകയും അസഭ്യം പറയുകയും ചെയ്ത പ്രതികൾ പോലീസുകാരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു.















