ലക്‌നൗ: സംസ്ഥാനത്ത് പുതിയതായി നിർമ്മിക്കുന്ന ഓരോ റോഡിനും അഞ്ച് വർഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണമെന്ന നിർദ്ദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡ് തകർന്നാൽ അതത് ഏജൻസികൾ തന്നെ അത് പുനർനിർമ്മിച്ച് നൽകണമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ ഉന്നതതല യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരത്തിൽ ഉദ്യോഗസ്ഥർ വിട്ടുവീഴ്ച വരുത്തരുത്. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും തങ്ങളുടെ ഉത്തരവാദിത്തം ഉറപ്പിക്കണം. പെട്ടെന്ന് പൂർത്തീകരിക്കേണ്ട പദ്ധതികൾ അടിയന്തിരമായി പൂർത്തിയാക്കണം. വകുപ്പുതല മന്ത്രിമാർ കൃത്യമായ ഇടവേളകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തി നിർമ്മാണ പ്രവർത്തന പുരോഗതി വിലയിരുത്തണം’യോഗി പറഞ്ഞു.
റോഡ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഐഐടി പോലുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമാണ്. ഗ്രാമ പ്രദേശങ്ങളിലെ റോഡുകളുടെ വികസനം ഉറപ്പാക്കണം. ഇതിനായി ആവശ്യമായ എല്ലാ നടപടികളും ഉദ്യോഗസ്ഥർ ഉടനടി തയാറാക്കണം. സർക്കാർ മുന്നോട്ട് വെയ്‌ക്കുന്ന നിർദ്ദേശം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.















