കോഴിക്കോട്: യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിക്ക് പിന്നാലെ സംസ്‌കരിച്ച മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുക്കും. മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാനാണ് തീരുമാനം.കോഴിക്കോട് തോട്ടുമുക്കം പനംപ്ലാവിൽ പുളിക്കയിൽ തോമസ് എന്ന 36-കാരന്റെ മൃതദേഹമാണ് നാളെ പുറത്തെടുക്കുന്നത്. നാളെ തന്നെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനാണ് നീക്കം.
തോമസിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അരീക്കോട് പോലീസ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നതിന് തീരുമാനമെടുത്തത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ സെമിത്തേരിയിൽ വച്ച് പോസ്റ്റ്‌മോർട്ടം നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഇത് സാധ്യമാകാത്ത പക്ഷം മാത്രമാകും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്‌മോർട്ടം ചെയ്യുക.
ഈ കഴിഞ്ഞ നവംബർ നാലിനായിരുന്നു ലോറി ഡ്രൈവറായ തോമസ് മരിച്ചത്. സ്വാഭാവിക മരണമെന്ന നിലയിൽ സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു. എന്നാൽ സുഹൃത്തുക്കളുമായി സംഘർഷമുണ്ടായി എന്നും കാര്യമായി പരിക്കേറ്റെന്നും പ്രദേശവാസികൾ പിതാവിനെ അറിയിച്ചു. ഇതേ തുടർന്നാണ് പരാതി നൽകിയത്.